1

കോഴിക്കോട് : കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. കണ്ണൂർ ചാലാട് സ്വദേശി എം.പി അനിൽ കുമാറാണ് 50,000 രൂപ അഡ്വാൻസ് വാങ്ങുന്നതിനിടയിൽ പിടിയിലായത്. പെട്രോൾ പമ്പിനായി ഭൂമി തരം മാറ്റുന്നതിന് വേണ്ടിയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. പന്തീരങ്കാവ് കൈമ്പാലത്തെ ഒരേക്കറിലെ 30 സെന്റ് ഭൂമി തരം മാറ്റുന്നതിന് രണ്ട് ലക്ഷം രൂപയാണ് ഇയാൾ പരാതിക്കാരനോട് ആവശ്യപ്പെട്ടത്. ഇതിൽ ആദ്യ ഘഡു 50,000 രൂപയുമായി 30 തിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ഹോട്ടലിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പരാതിക്കാരൻ പണവുമായി എത്തുകയും കൈമാറുന്നതിനിടയിൽ കോഴിക്കോട് വിജിലൻസ് ഡി.വൈ.എസ്.പി കെ.കെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അനിൽ കുമാറിനെ പിടികൂടുകയുമായിരുന്നു. കഴിഞ്ഞ 28 നാണു വിജിലൻസിന് പരാതി ലഭിച്ചത്. തുടർന്ന് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. 15 വർഷമായി അനിൽകുമാർ വില്ലേജ് ഓഫീസറായി ജോലി ചെയുന്നു. ഈ വർഷമാണ് പന്തീരങ്കാവിലേക്ക് സ്ഥലം മാറി എത്തിയത്. ഇയാൾക്കെതിരെ മുൻപും പരാതികൾ ഉണ്ടായിരുന്നു. വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.