milma-product

കോഴിക്കോട്: മിൽമയുടെ ഫുൾക്രീം പാൽ പുതുവർഷം മുതൽ വിപണിയിൽ. 'മിൽമ റോയൽ' എന്ന പേരിൽ കൊഴുപ്പു കൂടിയ ഫുൾ ക്രീം പാൽ ഒരു ലിറ്ററിന്റെ പാക്കറ്റിലാണ് ലഭിക്കുക. 68 രൂപയാണ് വില. ആറ് ശതമാനം കൊഴുപ്പും ഒൻപത് ശതമാനം കൊഴുപ്പിതര ഘരപദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്.

ഇതര സംസ്ഥാനങ്ങളിലെ സഹകരണ ക്ഷീര ഫെഡറേഷനുകളിൽ ഫുൾ ക്രീം പാൽ നേരത്തെ ലഭ്യമാണ്. കേരളത്തിൽ ആദ്യമായാണ് മിൽമ ഫുൾ ക്രീം പാൽ വിപണിയിലിറക്കുന്നത്. വിപണിയുടെ ആവശ്യകത പരിഗണിച്ചാണ് മിൽമ റോയൽ പാൽ വിപണിയിലിറക്കിയത്. കൂടുതൽ കൊഴുപ്പും കൊഴുപ്പിതര ഘരപദാർത്ഥങ്ങളുള്ളതിനാൽ ഈ പാലുപയോഗിക്കുമ്പോൾ ചായയ്ക്കും പായസത്തിനും കൂടുതൽ രുചിയും കട്ടിയും ലഭിക്കും. ഹോട്ടലുകൾ, ടീ ഷോപ്പുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവർക്കായാണ് പുതിയ പാൽ വിപണിയിലിറക്കുന്നതെന്ന് മിൽമ കോഴിക്കോട് ഡെയറി സീനിയർ മാനേജർ അറിയിച്ചു. കോഴിക്കോട് ഡെയറിയുടെ പരിധിയിൽ മിൽമ റോയൽ പാൽ തുടക്കത്തിൽ ലഭ്യമാകും.