photo
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് വയോജനോത്സവം ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങളുടെ കലാ സാംസ്കാരിക രംഗത്തെ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 'നിറസന്ധ്യ 2024' വയോജനോത്സവം സംഘടിപ്പിച്ചു. ആന്തട്ട യുപി സ്കൂളിൽ നടന്ന വയോജനോത്സവത്തിൽ അരിക്കുളം,ചേമഞ്ചേരി, ചെങ്ങോട്ടുകാവ്,മൂടാടി പഞ്ചായത്തുകളിൽ നിന്നായി 300 ഓളം വയോജനങ്ങൾ പങ്കെടുത്തു. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് വയോജനോത്സവം സംഘടിപ്പിക്കുന്നത്. സിനിമാ നാടകഗാനം, കവിതാപാരായണം, മാപ്പിളപ്പാട്ട്, ഞാറ്റുപാട്ട്, നാടൻപാട്ട്, പ്രച്ഛന്ന വേഷം, തിരുവാതിര, ഒപ്പന, സംഘനൃത്തം, നാടോടി നൃത്തം കവിതാരചന, ചിത്രരചന, അനുഭവക്കുറിപ്പ്, കളിമൺ ശില്പ നിർമ്മാണം തുടങ്ങിയ ഇനങ്ങളിൽ പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്ന് തെളിയിക്കുന്ന തരത്തിൽ സ്ത്രീപുരുഷ ഭേദമന്യേ വയോജനങ്ങൾ വേദികളിൽ നിറഞ്ഞാടി. അരിക്കുളം പഞ്ചായത്ത് ഒന്നാം സ്ഥാനവും ചേമഞ്ചേരി രണ്ടാം സ്ഥാനവും നേടി.