
കോട്ടയം: കിലോയ്‌ക്ക് 170 രൂപ വരെ താഴ്ന്ന റബർ വില കുതിപ്പിന്റെ പാതയിൽ .ആർ.എസ്.എസ് നാലാം ഗ്രേഡ് റബർ ബോർഡ് വില 194 രൂപയിൽ എത്തി. ഉത്പാദനത്തിലെ ഇടിവും ഉപഭോഗത്തിലെ വർദ്ധനയും കണക്കിലെടുത്താൽ വില 200 രൂപയിലേക്ക് എത്തിയേക്കും. വ്യാപാരി വില ബോർഡ് വിലയിലും എട്ടു രൂപ കുറവായതിനാൽ സാധാരണ കർഷകർക്കു നേട്ടമില്ല. ഷീറ്റിന് 200 രൂപ എത്തുന്നതുവരെ ടാപ്പിംഗ് നിറുത്തണമെന്ന് ഉത്പാദക സംഘടനകളുടെ ആഹ്വാനം ഭൂരിപക്ഷം കർഷകർ ചെവികൊണ്ടതോടെ വിപണിയിൽ ചരക്ക് വരവ് കുറഞ്ഞു.ഇതോടെ ഉയർന്ന വിലയിൽ ചരക്ക് വാങ്ങാൻ വ്യവസായികൾ നിർബന്ധിതരായി.
## വിദേശ വിപണിയിലും റബർ വില കുതിക്കുകയാണ്. ബാങ്കോക്കിൽ കിലോയ്‌ക്ക് 12 രൂപ കൂടി. ചൈന 190ൽ നിന്ന് 198ലേക്കും ടോക്കിയോ 190ൽ നിന്ന് 199ലേക്കും വില ഉയർത്തി. ഇതോടെ ഇന്ത്യൻ വിപണിയിൽ വില ഇടിക്കാനുള്ള ടയർ ലോബിയുടെ തന്ത്രം ഫലിച്ചില്ല .
കുരുമുളക് വില മൂക്കുകുത്തി
കുരുമുളകിന് കിലോയ്ക്ക് 11 രൂപയാണ് കഴിഞ്ഞയാഴ്ച കുറഞ്ഞത് . രണ്ടാഴ്ചയ്‌ക്കിടെ 19 രൂപയാണ് കുറഞ്ഞത്. ഇറക്കുമതി കുരുമുളക് മൂല്യ വർദ്ധിത ഉത്പ്പന്നമാക്കാതെ ആഭ്യന്തര വിപണിയിൽ വിൽക്കുന്നതാണ് വിലയിടിവിന് കാരണം. വരവ് കൂടിയതോടെ ഹൈറേഞ്ച് മുളകിന് ഡിമാൻഡില്ലാതായി.
ഇന്ത്യ ഒരു ടൺ കുരുമുളകിന് 7750 ഡോളറും ശ്രീലങ്ക 6800-6900 ഡോളറും ബ്രസീൽ 6450 ഡോളറും ഇന്തോനേഷ്യ 6900 ഡോളറുമാണ് ഈടാക്കുന്നത്.
കഴിഞ്ഞ സീസണിൽ ഇന്ത്യ ഒന്നേകാൽ ലക്ഷം ടൺ കുരുമുളക് ഉത്പാദിപ്പിച്ചെന്നും അര ലക്ഷം ടണ്ണിന്റെ നീക്കിയിരിപ്പുണ്ടെന്നും സ്പൈസസ് ബോർഡ് പറയുന്നു. ഇറക്കുമതി 33,000 ടൺ ഇറക്കുമതിയാണെന്നും 43000 ടണ്ണിന്റെ ഇറക്കുമതി ഇനി വേണ്ടിവരുമെന്നും അവർ വ്യക്തമാക്കിയിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ദക്ഷിണേന്ത്യയിൽ ഉത്പാദനം കുറഞ്ഞിട്ടും ഇറക്കുമതി കണക്കുകൾ കാട്ടി വിലയിടിക്കാനാണ് ബോർഡ് ശ്രമിക്കുന്നതെന്ന് കർഷകർ ആരോപിക്കുന്നു.