
കോട്ടയം: പാലാ അന്ത്യാളത്ത് ളാലംതോടിന്റെ തണുപ്പേറ്റ് അടുക്കളയും മതിലുകളുമില്ലാതെ ഒരേമാതൃകയിലും നിറത്തിലും 15 ചെറുവീടുകൾ. താമസക്കാരായി 60-86 മദ്ധ്യേ പ്രായക്കാരായ 15 ദമ്പതികൾ. മറുനാട്ടിലുള്ള മക്കളുടെ അനുവാദത്തോടെ സ്നേഹത്തിന്റെയും,സൗഹൃദത്തിന്റെയും,പങ്കിടലിന്റെയും പുതുമാതൃക ആസ്വദിക്കുകയാണ് 'സിനർജി ഹോംസിലെ' അംഗങ്ങൾ.
ഡോക്ടറും,കേണലും,അദ്ധ്യാപകരും,ബാങ്ക് ഉദ്യോഗസ്ഥരുമൊക്കെ ഉൾപ്പെടുന്ന 30 പേർ ഒരുകുടുംബംപോലെ കഴിയുന്നു. വീടുകൾക്ക് 728 ചതുരശ്രയടി വിസ്തീർണം. കാവൽക്കാരോ നായ്ക്കളോ ഇല്ല. പൊതുഅടുക്കളയിൽ ഭക്ഷണം. രണ്ട് സ്റ്റാഫുകൾ. കറിക്കരിഞ്ഞും പാചകത്തിൽ സഹായിച്ചും അവർ ഒത്തുകൂടും. ആവശ്യത്തിന് വിളമ്പി വലിയ ഡൈനിംഗ് ഹാളിൽ ഒരുമിച്ചിരുന്ന് കഴിക്കാം.
പച്ചക്കറികൾക്കായി കൃഷി തുടങ്ങി. പാർക്കും നടപ്പാതയും ഊഞ്ഞാലും. ഒപ്പം തോട്ടിലേയ്ക്ക് നടപ്പാതയും. ഇടവേളകളിൽ പാട്ടും വരയും കളിചിരിയും. എല്ലാവർക്കും സ്വന്തമായി വീടുകളുള്ളതിനാൽ ഇപ്പോൾ ഇടവേളകളിലാണ് താമസം. പുതുവർഷത്തോടെ പലരും സ്ഥിരതാമസം തുടങ്ങും.
സിനർജി
സിനിർജിയെന്നാൽ സംഘോർജമെന്നാണ് അർത്ഥം. ടീം സെന്റേഡ് ഇൻട്രാക്ഷൻ ഫോറം ഫോർ സീനിയർ സിറ്റിസൺസ് എന്നാണ് മുഴുവൻ പേര്. ഒരേമനസുള്ള സുഹൃത്തുക്കൾ 2015ൽ സിനർജിക്ക് രൂപം നൽകി സൊസൈറ്റിയായി രജിസ്റ്റർ ചെയ്തു. ഗ്രാമാന്തരീക്ഷത്തിൽ ഒന്നര ഏക്കർ സ്ഥലം വാങ്ങി. നാലര സെന്റ് വീതം ഓരോ കുടുംബത്തിനും ആധാരമാക്കി. ബാക്കി സ്ഥലം പൊതുവഴി,കിണർ,ജലസംഭരണി,പാർക്കിംഗ് ഏരിയ,പാർക്ക് എന്നിവ ക്രമീകരിച്ച് സൊസൈറ്റിയുടെ പേരിലാക്കി.
ഒരുമയുടെ മേൽക്കൂരയിൽ
കേണൽ മാത്യു മുരിക്കൻ-ഡോളി,കേണൽ ഫിലിപ്പ് -മറിയമ്മ,നാസർ മേത്തർ-ഷീബ,നാരായണൻ പോറ്റി-രാധാദേവി,ജോയി മാത്യു-ഗ്രേറ്റാ,അലക്സ് മാത്യു-മിനി,ടി.പി പോൾ-മേരി,ജേക്കബ് കാട്ടാമ്പള്ളി-ആൻസി,എം.കെ.മാത്യു-ലാലി,ഡോ. എം.സി.ജോസഫ്-വത്സമ്മ,മാണി ജോൺ-ലിസി,എബ്രഹാം തോമസ്-ലിസി,ബ്രിജേഷ് ജോർജ്-ഫോസി,ജോബി ജോസഫ്-ആൻസി,തോമസ് എബ്രഹാം-മോളി ദമ്പതികൾ.
അന്യസംസ്ഥാനങ്ങളിൽ നിന്ന് വരെ ആളുകൾ സിനർജി മാതൃക കാണാനെത്തുന്നുണ്ട്.
-കേണൽ മാത്യു മുരിക്കൻ,
സിനർജി അംഗം