
കോട്ടയം : എല്ലാം ശ്രീനാരായണ ഗുരുദേവനിൽ അർപ്പിച്ച് ദീപ്തി സാനു വരച്ചുതുടങ്ങിയപ്പോൾ പൈൻമരത്തടിയിൽ തെളിഞ്ഞത് മഹാഗുരുവിന്റെ ജീവിതകാണ്ഡമാണ്. ജനനം മുതൽ സമാധി വരെയുള്ള കാലഘട്ടം, 21 ഫ്രെയിമുകൾ... സ്വകാര്യ ബാങ്ക് ജീവനക്കാരിയായ മാങ്ങാനം അയ്യംകുളം വീട്ടിൽ ദീപ്തി തന്റെ മനസിലേക്കാണ് ഗുരുദേവചരിത്രം ആദ്യം പകർത്തിയത്. വൈകാതെ ഹൃദയംകൊണ്ട് ക്യാൻവാസിലാക്കി. എസ്.എൻ.ഡി.പി യോഗം 501-ാം നമ്പർ മാങ്ങാനം ശാഖാ പ്രാർത്ഥനാമന്ദിരം ഉദ്ഘാടവേളയിലാണ് 'ഗുരുചരണം' ചിത്രപ്രദർശനമെന്ന ആഗ്രഹം ഉടലെടുത്തത്. ചിത്രകലാ അദ്ധ്യാപകനായ ജോജോ തോമസ് നിർദ്ദേശങ്ങൾ നൽകി. ഗുരുദേവനെക്കുറിച്ച് രണ്ടരവർഷം നീണ്ട പഠനം. പിന്നാലെ മൂന്നടി നീളത്തിലും രണ്ടടി വീതിയിലുമുള്ള ഓരോ ക്യാൻവാസിലേക്ക് ഇത് പകർത്തി. അക്രലിക് ഉപയോഗിച്ചായിരുന്നു വര. ഗുരുവിന്റെ ഗ്രാമമായിരുന്നു ആദ്യ ഫ്രെയിം. മരുത്വാമലയിലേക്കുള്ള യാത്ര, അരുവിപ്പുറം പ്രതിഷ്ഠ, നാഗമ്പടം തേന്മാവിൻചുവട്ടിൽ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകുന്ന ഗുരു, റിക്ഷയിലെ സഞ്ചാരം, മഹാസമാധി എന്നിങ്ങനെ വിവിധ ഫ്രെയിമുകൾ. 21-ാമത്തെത് ധ്യാനനിമഗ്‌നനായ ഗുരുവിന്റെ ചിത്രമാണ്. ഇതിനോടകം നിരവധിയിടങ്ങളിൽ പ്രദർശനം നടത്തി.
തിരിച്ചെത്തി, വരകളിലേക്ക്
ചിത്രകല മുൻപ് പഠിച്ചിരുന്നെങ്കിലും കൊവിഡിന് ശേഷമാണ് സജീവമായത്. കോടിമത കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സ്‌കൂൾ ഒഫ് ആർട്‌സിലായിരുന്നു പഠനം. വനിതാദിനത്തിൽ ഓൺലൈൻ ചിത്രരചനയിലും ഫ്ലവർ ഷോയിലും കുടുംബശ്രീ സരസ് മേളയിലും പങ്കെടുത്തു. ഒരുത്തി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടും ദീപ്തിയുടെ ചിത്രങ്ങൾ തിരഞ്ഞെടുത്തു. കുടമാളൂർ കോട്ടപ്പുറത്ത് വീട്ടിൽ പരേതനായ മോഹനന്റെയും സുമതിയുടെയും മകളാണ്. ഭർത്താവ് : സാനു. മക്കൾ: സിദ്ധാർത്ഥ്, സാത്വികി.
''ഗുരുദേവ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളോട് അനുബന്ധിച്ച് എക്‌സിബിഷൻ നടത്തണമെന്നാണ് ആഗ്രഹം.
-(ദീപ്തി സാനു)