
കൊല്ലപ്പള്ളി : കണ്ണിൽക്കണ്ടതെല്ലാം നശിപ്പിക്കും, ആക്രമിക്കാൻ പാഞ്ഞടുക്കും...കാട്ടുപന്നി ശല്യത്തിൽ പൊറുതിമുട്ടുകയാണ് കടനാട് നിവാസികൾ. പഞ്ചായത്തിലെ വിവിധ മേഖലകളിലായി ഏക്കറുകണക്കിന് കൃഷിത്തോട്ടത്തിലെ മരച്ചീനി ഉൾപ്പെടെയുള്ള കാർഷിക വിളകളാണ് കൂട്ടത്തോടെ എത്തിയ കാട്ടുപന്നികൾ ഉഴുതുമറിച്ചത്. റോഡിന് കുറുകെ പാഞ്ഞ കാട്ടുപന്നികൾ ബൈക്കിലിടിച്ച് തെറിച്ചുവീണ് ഒന്നാം വാർഡ് മെമ്പർ കെ.ആർ. മധുവിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം പുലർച്ചെ 6 ന് നീലൂർ കിഴിമണ്ണിൽ പാറമടക്ക് സമീപമായിരുന്നു സംഭവം. കാലിനും കൈക്കും മുറിവേറ്റ മെമ്പർ പാലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
കാവുംകണ്ടത്ത് ഞള്ളായിൽ ബിജുവിന്റെ പുരയിടത്തിൽ കൃഷി ചെയ്തിരുന്ന 350 ചുവട് കപ്പയിൽ 200ൽ അധികം ചുവട് കപ്പ നശിപ്പിച്ചു. കൊടുമ്പിടി, നീലൂർ, കടനാട്, മറ്റത്തിപ്പാറ, പിഴക്, മാനത്തൂർ മേഖലകളിലും കഴിഞ്ഞ രണ്ടുമൂന്ന് വർഷത്തിനിടെ പലതവണ കാട്ടുപന്നികളുടെ ആക്രമണത്തിൽ വ്യാപകമായി കൃഷി നശിച്ചിരുന്നു. ശല്യമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാമെന്ന് നിർദ്ദേശമുണ്ടെങ്കിലും തോക്ക് ഉൾപ്പെടെയുള്ള പഞ്ചായത്ത് മെമ്പർമാർ അനങ്ങുന്നില്ല.
പൊല്ലാപ്പായി നിബന്ധനകൾ
വെടിവയ്ക്കാൻ അനുമതി ലഭിച്ചാലും കടമ്പകളേറെയാണ്. മുലയൂട്ടുന്ന പന്നികളെ കൊല്ലാൻ പാടില്ല. പന്നി വനത്തലേക്ക് രക്ഷപ്പെട്ടാൽ പിന്തുടർന്ന് വെടിവയ്ക്കരുത്. വെടയേറ്റ് ചത്താൽ മാംസം ഭക്ഷണത്തിനായി ഉപയോഗിക്കരുത്, പകരം വനപാലകരെ ബോദ്ധ്യപ്പെടുത്തി മണ്ണെണ്ണ ഉപയോഗിച്ച് ഉപയോഗ ശൂന്യമാക്കിയതിന് ശേഷം കുഴിച്ചുമൂടണം. കാട്ടുമൃഗങ്ങൾ മൂലമുണ്ടാകുന്ന കൃഷി നാശത്തിന് തുച്ഛമായ തുകയാണ് കർഷകർക്ക് ലഭിക്കുന്നത്. ലഭിക്കണമെങ്കിൽ നൂലാമാലകൾ വേറെയും. ഇതുമൂലം പലരും നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാറില്ല.
കടനാട് പഞ്ചായത്തിൽ വ്യാപകമായി കൃഷികൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താൻ പഞ്ചായത്ത് അധികൃതർ മുൻകൈ എടുത്ത് നടപടി സ്വീകരിക്കണം
ബിനു വള്ളോംപുരയിടം, പൊതുപ്രവർത്തകൻ.
ഫോട്ടോ അടിക്കുറിപ്പ്
കടനാട് പഞ്ചായത്തിലെ കാവുംകണ്ടം ഞള്ളായിൽ ബിജുവിന്റെ മരച്ചീനികൃഷി കാട്ടുപന്നികൾ നശിപ്പിച്ച നിലയിൽ