പാമ്പാടി: പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്സ് ചെറിയപള്ളിയുടെ വാതിലിന്റെ ഒരു ഭാഗം കത്തിച്ചു അകത്തുകടന്ന് മോഷണം. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്കായിരുന്നു സംഭവം. പള്ളിയുടെ തെക്കുവശത്തുള്ള ആദ്യ വാതിലിന്റെ ഒരു ഭാഗമാണ് കത്തിച്ചത്. തുടർന്നു പള്ളിക്കുള്ളിൽ പ്രവേശിക്കുകയും മധ്യഭാഗത്തായുള്ള ഭണ്ഡാരകുറ്റിയുടെ താഴ് തകർത്ത് പണം അപഹരിക്കുകയും ചെയ്തു. പാന്റും ഷർട്ടുമാണ് മോഷ്ടാവിന്റെ വേഷം. മോഷണം നടത്തിയതിന് ശേഷം പുലർച്ചെ മൂന്നോടെയാണ് മോഷ്ടാവ് ദേവാലയ പരിസരത്തുനിന്ന് പോയത്. ഇന്നലെ പുലർച്ചെ നാലിനു ദേവാലയത്തിലെത്തിയ പ്രധാന ശുശ്രൂഷകനാണ് മോഷണ വിവരം ആദ്യം അറിയുന്നത്. തുടർന്ന് ഭരണസമിതിയെയും പൊലീസിനെയും വിവരം അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇടവക മെത്രാപൊലീത്ത ഡോ.യൂഹാനോൻ മാർ ദിയസ്‌കോറസും ദേവാലയത്തിലെത്തി.