കൊല്ലപ്പള്ളി: കടനാട് പഞ്ചായത്തിലെ വാർഡ് പുനർനിർണയത്തിൽ പരാതികളേറെ. കടനാട് പഞ്ചായത്തിൽ 14 വാർഡുകളാണ് നിലവിലുണ്ടായിരുന്നത്. ഒരു വാർഡ് വർദ്ധിച്ച് ഇപ്പോൾ 15 ആയി. പുതിയതായി വാളികുളം വാർഡ് രൂപീകൃതമായപ്പോഴാണ് പുനർനിർണയം സംബന്ധിച്ച് പരക്കെ ആക്ഷേപം ഉയർന്നിരിക്കുന്നത്.
കടനാട് സെൻട്രൽ വാർഡ് പുനർനിർണയിച്ചപ്പോൾ തീർത്ഥാടന കേന്ദ്രമായ കടനാട് പള്ളിയും പള്ളിക്കൂടവും രണ്ടു വാർഡുകളിലായി. പള്ളിയോട് തൊട്ടു ചേർന്നുള്ള ഹയർ സെക്കൻഡറി സ്‌കൂളാണ് വാളികുളം വാർഡിലായത്. ഇത് കടനാട് വാർഡിൽ നിലനിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൊടുമ്പിടി വാർഡിന് നഷ്ടങ്ങളേറെയാണ്. ഉണ്ടായിരുന്ന പൊതു സ്ഥാപനങ്ങളെല്ലാം അടുത്ത വാർഡിലായി. കൊടുമ്പിടി ടൗണിൽ സ്ഥിതി ചെയ്യുന്ന കുരിശുപള്ളി, കൊടുമ്പിടി പോസ്റ്റ് ഓഫീസ്, റേഷൻകട,പണി പൂർത്തിയായി ഉദ്ഘാടനം പോലും കഴിയാത്ത അങ്കണവാടി എന്നിവയെല്ലാം വാർഡിനു നഷ്ടമായി. ഒരു വാർഡിൽ വഴിവിളക്കു തെളിയിച്ചാൽ വെളിച്ചം അടുത്ത വാർഡിൽ എന്ന അവസ്ഥ. ഇതു സംബന്ധിച്ച് കക്ഷി രാഷ്ട്രീയ ഭേദമന്യേ പരാതികൾ അധികൃതർക്ക് നല്കിയിട്ടുണ്ട്.