
കോട്ടയം : മഴ ചതിച്ചതോടെ നിരാശയുടെ പടുകുഴിയിലാണ് നെൽകർഷകർ. ജില്ലയിൽ നിരവധി പാടങ്ങളിലാണ് കൊയ്ത്ത് നടക്കുന്നത്. വെള്ളംകയറിയതോടെ കൊയ്ത്തിനെത്തിച്ച യന്ത്രങ്ങൾ പാടത്ത് ഇറക്കാനാകാത്ത സ്ഥിതിയാണ്.
കൊല്ലാട് കിഴക്കുംപുറം, വടക്കുംപാറ പാടശേഖരങ്ങളിലായി മടവീഴ്ചയിൽ വൻനഷ്ടമുണ്ടായി. അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കേളക്കരി, വാവക്കാട്, കമ്പിക്കോൺ, വിരിപ്പുകാല, കിഴക്കേ മണിയാപറമ്പ്, മേനോൻകരി പാടശേഖരങ്ങളിലെ പൂർണവിളവെത്തിയ നെല്ല് നശിച്ചു. ഒപ്പം വൈദ്യുതി തകരാറും. വെള്ളം വറ്റിക്കാനാകാത്തതിനാൽ നെൽച്ചെടികൾ പൂർണമായി നശിക്കും. അയ്മനം മേഖലയിൽ ഞായറാഴ്ച ഉച്ചയോടെ മുടങ്ങിയ വൈദ്യുതി ബന്ധം ഇന്നലെ ഉച്ചയോടെയാണ് പുന:സ്ഥാപിച്ചത്.
മാനം തെളിയാൻ കാത്തിരിപ്പ്
മഴ മാറിയാലും കൊയ്ത്ത് യന്ത്രം ഇറക്കാൻ കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേണ്ടിവരും. പത്ത് ദിവസമെങ്കിലും വെയിൽ ലഭിച്ചാൽ മാത്രമേ കൊയ്‌തെടുക്കാൻ സാധിക്കൂ. വീണു കിടക്കുന്ന നെല്ല് കിളിർത്ത് തുടങ്ങിയതിനാൽ ഇനി കൊയ്‌തെടുത്താലും വലിയ പ്രയോജനമില്ലെന്ന് കർഷകർ പറയുന്നു. ഒരാഴ്ച മുൻപ് വിതച്ച കുറിച്ചി, അയ്മനം,ആർപ്പൂക്കര, കുമരകം, തിരുവാർപ്പ്, കല്ലറ, തലയാഴം, വെച്ചൂർ, അകലക്കുന്നം, വിജയപുര, മണർകാട്, അയർക്കുന്നം പഞ്ചായത്തുകളിലെ നിരവധി പാടശേഖരങ്ങളിൽ കിളിർത്തു ദിവസങ്ങൾ മാത്രമായ നെൽച്ചെടികളാണ് നശിച്ചത്.
''എത്രയും വേഗം വെള്ളം ഇറക്കിവിടാൻ കഴിഞ്ഞില്ലെങ്കിൽ ചെടികൾ പൂർണമായി നശിക്കും. മുൻ വർഷങ്ങളിൽ വർഷക്കൃഷിയാണ് വെള്ളത്തിൽ ഒലിച്ചു പോയിരുന്നതെങ്കിൽ ഇത്തവണ പുഞ്ചക്കൃഷിയെയും ബാധിച്ചു.
ശശിധരൻ, നെൽകർഷകൻ