rd-fld

കോട്ടയം : തോരാമഴ ജില്ലയിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളക്കെട്ടിൽ മുങ്ങി. ശബരിമലപാതയിലെ കണമലയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. പാടശേഖരങ്ങളിലടക്കം വെള്ളം കയറിയതോടെ വ്യാപകകൃഷിനാശമാണുണ്ടായത്. പാമ്പാടി, മറ്റക്കര, മീനടം, കറുകച്ചാൽ, നെടുംകുന്നം, മലയോര കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലാണ് കൂടുതൽ നാശം. കോട്ടയം, ഏറ്റുമാനൂർ നഗരത്തിലുൾപ്പെടെ വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗതവും തടസപ്പെട്ടു. പന്നഗം തോട് കരകവിഞ്ഞൊഴുകിയതോടെ മറ്റക്കരയിൽ മിന്നൽപ്രളയത്തിന് സമാനമായ സാഹചര്യമായിരുന്നു. പടിഞ്ഞാറെ പാലം, ചുവന്നപ്ലാവ്, തച്ചിലങ്ങാട്, നെല്ലിക്കുന്ന്, വാഴപ്പള്ളി ഭാഗങ്ങൾ മുങ്ങി. കറുകച്ചാൽ പാറപ്പ മേഖലകളിൽ ചെറിയരീതിയിൽ മണ്ണിടിഞ്ഞു. കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത് ജില്ലയിലാണ്. 183 മില്ലിമീറ്റർ മഴയാണ് ഞായറാഴ്ച പെയ്തിറങ്ങിയത്. പാമ്പാടി, പള്ളിക്കത്തോട്, കറുകച്ചാൽ മേഖലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. മീനച്ചിലാറിലും മണിമലയാറിലും വെള്ളം ഉയർന്നെങ്കിലും അപകടകരമായ നിലയിൽ എത്തിയില്ലെന്നത് ആശ്വാസമായി. ചിലയിടങ്ങളിൽ മിന്നലും വ്യാപക നാശം വിതച്ചു.


വിവിധയിടങ്ങളിലെ മഴയുടെ അളവ് (മില്ലി മീറ്ററിൽ)

വയല : 238
കുമ്മണ്ണൂർ : 158
മുണ്ടക്കയം : 135
കിടങ്ങൂർ : 121
തീക്കോയി : 103

പാമ്പാടി : 23
കാഞ്ഞിരപ്പള്ളി : 16