പന്നഗം തോട് കരകവിഞ്ഞു, വീണ്ടും വെള്ളപ്പൊക്കം
മറ്റക്കര: നിർത്താതെയുള്ള മഴയിൽ മറ്റക്കര വീണ്ടും മുങ്ങി. ഈ വർഷം മൂന്നാം തവണയാണ് മറ്റക്കരയിൽ വെള്ളപ്പൊക്കമുണ്ടാകുന്നത്. അതിൽ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഞായറാഴ്ച രാത്രിയിൽ ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. മീനച്ചിലാറിൽ 4 അടിക്ക് താഴെയായിരുന്നു വെള്ളത്തിന്റെ അളവ്. എന്നിട്ടും പന്നഗം തോട് നിറഞ്ഞ് മറ്റക്കര മുങ്ങിയതിൽ തോടിന്റെ ഗതിയാണ് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പടിഞ്ഞാറെ പാലം, ചുവന്നപ്ലാവ്, തച്ചിലങ്ങാട്, നെല്ലിക്കുന്ന്, വാഴപ്പള്ളി ഭാഗങ്ങളെല്ലാം മുങ്ങി. പെയ്തു വരുന്ന മഴവെള്ളത്തിന് ഒഴുകി പോകാൻ തോട്ടിൽ സ്ഥലമില്ലാത്തതാണ് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് ഇടയാക്കുന്നത്.
തോട്ടിലെ തടയണകളുടെ അശാത്രീയത പരിഹരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. തോട്ടിൽ തടയണകളുടെ എണ്ണം കൂടിയതോടെ പെയ്ത്ത് വെള്ളം ഒഴുകിപോകാത്ത സ്ഥിതിയായി. വിഷയത്തിൽ നിരവധി പരാതികൾ മന്ത്രിതലത്തിൽ വരെ നൽകിയിട്ടും തുടർനടപടിയുണ്ടായില്ല.
മണ്ണും ചെളിയും വാരിമാറ്റാത്തത് പ്രശ്നം
തോടിന്റെ ആഴക്കുറവ് പരിഹരിക്കാനും ഇതുവരെ നടപടിയില്ല. തോട്ടിൽ വൻതോതിൽ മണ്ണും ചെളിയും അടിഞ്ഞിട്ടുണ്ട്. രാത്രികളിൽ മിന്നൽ പ്രളയങ്ങൾ ഉണ്ടാകുന്നത് അപകടങ്ങൾ വിളിച്ചുവരുത്തുമെന്ന് പ്രദേശവാസിയായ ശ്രീകാന്ത് മറ്റക്കര പറയുന്നു. തോടിനു കുറുകെ പാലം പണിതിരിക്കുന്നത് വരെ അശാസ്ത്രീയമാണെന്ന് ആരോപണമുണ്ട്. ഇതിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നും പരാതിയുണ്ട്. മണൽ പാദുവ റോഡിലെ പടിഞ്ഞാറെ പാലത്തിന്റെ അവസ്ഥയും പ്രളയത്തിന് കാരണമാകുന്നുണ്ട്. ഉയരം കൂട്ടി പുതിയ പാലം വേണമെന്നാണ് ആവശ്യം.
വെള്ളം കയറും, വഴിയടയും
വെള്ളം കയറുതോടെ മറ്റക്കരയിലെ സഞ്ചാരമാർഗങ്ങൾ കൂടി തടസപ്പെടുകയാണ്. വലിയതോതിൽ കൃഷിയും നശിക്കുന്നുണ്ട്. മറ്റക്കര മനക്കുന്നത് മനു വാസുദേവൻ നായരുടെ വാഴ,റബർ, കാപ്പികൃഷികളും വെള്ളത്തിൽ മുങ്ങി.
പന്നഗത്തിലെ തടയണകൾ പൊളിച്ചുമാറ്റി ആഴവും വീതിയും കൂട്ടി ഒഴുക്ക് സുഗമമാക്കണം
ഉണ്ണികൃഷ്ണൻ മറ്റക്കര,പ്രദേശവാസി
ഫോട്ടോ അടിക്കുറിപ്പ്
മറ്റക്കര മണൽ പാദുവ റോഡിൽ പടിഞ്ഞാറെ പാലം കടവിൽ പന്നഗം കരകവിഞ്ഞ് ഒഴുകുന്നു.