
പാലാ : എം.ജി സർവകലാശാല അത്‌ലറ്റിക് മീറ്റിൽ വനിതാ വിഭാഗത്തിൽ 91 പോയിന്റുമായി പാലാ അൽഫോൻസാ കോളേജും, പുരുഷ വിഭാഗത്തിൽ 89.5 പോയിന്റുമായി ചങ്ങനാശേരി എസ്.ബി കോളേജും കുതിപ്പ് തുടങ്ങി. വനിതാ വിഭാഗത്തിൽ 42 പോയിന്റുമായി ചങ്ങനാശേരി അസംപ്ഷനും, കോതമംഗലം എം.എ കോളേജും ഒപ്പത്തിനൊപ്പമുണ്ട്. പുരുഷ വിഭാഗത്തിൽ 73 പോയിന്റോടെ എം.എ യും, 53.5 പോയിന്റുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സും യഥാക്രമം രണ്ടുമൂന്നും സ്ഥാനത്തുണ്ട്. 20 കിലോമീറ്റർ നടത്ത മത്സരത്തിൽ അൽഫോൻസാ കോളേജിലെ സാന്ദ്ര സുരേന്ദ്രൻ റെക്കാഡോടെ സ്വർണം നേടി.
എം.ജി സിൻഡിക്കേറ്റ് അംഗം ഡോ. ബിജു തോമസ് അത്‌ലറ്റിക് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ ഷാജു വി. തുരുത്തൻ അദ്ധ്യക്ഷത വഹിച്ചു. എം.ജി കോഴ്‌സ് ഡയറക്ടർ ഡോ. ബിനു ജോർജ്ജ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ ഡോ. ഷാജി ജോൺ, പ്രൊഫ. പി.ഐ. ബാബു, അൽഫോൻസാ കോളേജ് ബർസാർ ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സിൻഡിക്കേറ്റംഗം അഡ്വ. റെജി സ്‌കറിയ മുഖ്യാതിഥിയാകും. സിൻഡിക്കേറ്റ് അംഗം ഡോ. ജോജി അലക്‌സ് മുഖ്യ പ്രഭാഷണം നടത്തും.
ആദ്യ സ്വർണം റെക്കാഡോടെ
ആദ്യ മത്സരം 20 കിലോമീറ്റർ നടത്തം. അതിൽ റെക്കാഡോടെ സ്വർണം. സാന്ദ്ര സുരേന്ദ്രൻ ഡബിൾഹാപ്പി. 1.4636 സെക്കന്റ് കൊണ്ടാണ് സാന്ദ്ര ഫിനിഷ് ചെയ്തത്. മുമ്പ് അക്ഷയ കെ. സ്ഥാപിച്ച 1.52.44 എന്ന സമയമാണ് തിരുത്തിക്കുറിച്ചത്. പാലാ അൽഫോൻസാ കോളേജിലെ ഒന്നാംവർഷ ഫാഷൻ ടെക്‌നോളജി വിദ്യാർത്ഥിനിയായ സാന്ദ്ര പാലക്കാട് സ്വദേശിനിയാണ്. ചെത്തുതൊഴിലാളിയായ - സുരേന്ദ്രന്റെയും സരസ്വതിയുടെയും മകളാണ്. ഡിഗ്രി വിദ്യാർത്ഥികളായ രേഖ, രശ്മി എന്നിവരാണ് സഹോദരങ്ങൾ.
ഹർഡിൽസിൽ അപർണ
നൂറ് മീറ്റർ ഹർഡിൽസിൽ അപർണ കെ. നായർ നേടിയ സ്വർണം അൽഫോൻസാ കോളേജിന് അഭിമാനമായി. ഇന്ന് 400 മീറ്റർ ഹർഡിൽസിലും അപർണ മത്സരിക്കുന്നുണ്ട്. മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിനിയാണ്. വിനയചന്ദ്രനാണ് കോച്ച്. ഡ്രൈവറായ ടി.ജി. അനിയുടെയും - ബ്യുട്ടീഷനായ സിനിയുടെയും മകളാണ്. പ്ലസ്ടു വിദ്യാർത്ഥിനിയായ നയന നായരാണ് സഹോദരി.
അച്ഛനോർമ്മകളിൽ ഗൗരിനന്ദന
ഓടി, സ്വർണവുമായി മടക്കം
അച്ഛന്റെ ഓർമ്മകൾ നിറഞ്ഞ മനസുമായാണ് ഗൗരിനന്ദന ട്രാക്കിലിറങ്ങിയത്. അച്ഛനെ ഓർത്ത് ഒരുനിമിഷം തൊഴുതു; പിന്നെ രണ്ടും കൽപ്പിച്ചോടി 400 മീറ്ററിലെ സ്വർണം കൈപ്പിടിയിലൊതുക്കി. ഗൗരിനന്ദനയുടെ അച്ഛനും മുൻകായികതാരവുമായ എറണാകുളം നായരമ്പലം പാറപ്പുറം പാലപ്പറമ്പിൽ രാജേഷ് മൂന്ന് വർഷം മുൻപ് കൊവിഡ് ബാധിച്ചാണ് മരിച്ചത്. സൗദി അറേബ്യയിൽ സേഫ്റ്റി ഓഫീസറായിരുന്ന രാജേഷിന് 2021 ൽ നാട്ടിലെത്തിയപ്പോഴാണ് കൊവിഡ് പിടിപെട്ടത്. അമ്മ കവിതയുടേയും ചേച്ചി കൃഷ്‌ണേന്ദുവിന്റേയും പ്രോത്സാഹനമാണ് ഗൗരിയുടെ ഊർജം. 2017ൽ ഫ്രാൻസിൽ നടന്ന വേൾഡ് സ്‌കൂൾ മീറ്റിലും, ഗോവയിൽ 2023 ൽ നടന്ന നാഷണൽ മീറ്റിലും ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. ദേശീയ ഗെയിംസിലും, ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും മാറ്റുരയ്ക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. ഇതിനായി തിരുവനന്തപുരം സായിയിൽ കോച്ച് രാജ്‌മോഹന്റെ കീഴിലാണ് പരിശീലനം. പാലാ അൽഫോൻസാ കോളേജിൽ എം.എ പൊളിറ്റിക്‌സ് ഒന്നാം വർഷ വിദ്യാർത്ഥിയാണ് ഗൗരി. ഇന്ന് 200 മീറ്ററിൽ മത്സരിക്കുന്നുണ്ട്.
ഉയർന്നുചാടി ഒന്നാമനായി
കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനം ഇത്തവണ ഒന്നാം സ്ഥാനമാക്കാൻ ഉയർന്നുചാടിയ ചങ്ങനാശേരി എസ്.ബി കോളേജിലെ കെ.എൽ ഷാൽബിന് പ്രതീക്ഷ തെറ്റിയില്ല. ഹൈജമ്പിൽ സ്വർണം. എം.എ മലയാളം ഒന്നാം വർഷ വിദ്യാർഥിയായ ഷാൽബിൻ 11 വർഷമായി കായിക രംഗത്തുണ്ട്. പാലക്കാട് കല്ലടി സ്‌കൂളിൽ പഠിക്കവെ ദേശീയ സ്‌കൂൾ കായികമേളയിലും സംസ്ഥാന സ്‌കൂൾ കായികമേളയിലും മെഡൽ നേടിയിരുന്നു.ഇടുക്കി കരിമ്പനിൽ കൂലിപ്പണിത്തൊഴിലാളിയായ ഷാജൻമാത്യുവിന്റേയും തയ്യൽ തൊഴിലാളിയായ ഷൈലജയുടേയും മകനാണ്. പ്ലസ് ടു വിദ്യാർത്ഥിയായ ഷെബിൻ ഏക സഹോദരനാണ്.