ss

കോട്ടയം: വൃശ്ചിക വേലിയേറ്റത്തെ തുടർന്ന് ഉപ്പുവെള്ളം കയറി കൃഷി നശിക്കാതിരിക്കാൻ തണ്ണീർമുക്കം ബണ്ട് നേരത്തേ അടച്ചതിനെ ചൊല്ലി വിവാദം മുറുകി. കാർഷിക കലണ്ടർ അനുസരിച്ച് ഡിസംബർ 15ന് അടക്കുന്നതിന് പകരം പാതിയോളം ഷട്ടറുകൾ നേരത്തേ അടച്ചു.ഇതിൽ പ്രതിഷേധിച്ച് സംയുക്ത മത്സ്യ തൊഴിലാളി യൂണിയൻ നാളെ തണ്ണീർ മുക്കം പ്രൊജക്ട് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുകയാണ്. 90 ഷട്ടറുകളുള്ള തണ്ണീർമുക്കം ബണ്ടിൽ 28 ഷട്ടറുകളായിരുന്നു അടച്ചത്. എന്നിട്ടും ശക്തമായ ഒഴുക്കും മടവീഴ്ചയും ഉണ്ടായതോടെ ബാക്കി ഷട്ടറുകളും അടക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു. തുടർന്ന് 17 ഷട്ടറുകൾ കൂടി അടച്ചു. ഇതിനെതിരെയാണ് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം.

വൃശ്ചികവേലിയേറ്റം നേരത്തേ

മുൻകാലങ്ങളിൽ ഡിസംബറിലാണ് വൃശ്ചികവേലിയേറ്റം ഉണ്ടായിരുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെയും ന്യൂനമർദ്ദത്തിന്റെയും ഭാഗമായി നവംബർ രണ്ടാംവാരത്തിൽ വേലിയേറ്റം കടുത്തു. വേലിയേറ്റവും കനത്ത മഴയും കാരണം കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും പല പാടങ്ങളിലും കൊയ്ത്ത് പൂർ‌ത്തിയാക്കാനായിട്ടില്ല. മടവീഴ്ച പുഞ്ചകൃഷി വിത്തു വിതയെയും ബാധിച്ചു.

നെൽക്കർഷകർക്ക് ആശ്വാസം

രണ്ടാം കൃഷി കൊയ്ത്ത് അവസാന ഘട്ടത്തിലെത്തി പുഞ്ചകൃഷി വിതയ്ക്കായി മോട്ടോറുപയോഗിച്ച് വെള്ളം വറ്റിക്കുന്നതിനിടെയാണ് വൃശ്ചിക വേലിയേറ്റം രൂക്ഷമായി പാടങ്ങളിലേക്ക് വെള്ളം ഇരച്ചെത്തിയത്
നിരവധി വീടുകളും റോഡുകളും വെള്ളത്തിലായി. കർഷകരുടെയും നാട്ടുകാരുടെയും പ്രതിഷേധം ശക്തമായതോടെയാണ് തണ്ണീർമുക്കം ബണ്ടിലെ പാതിയോളം ഷട്ടറുകൾ അടയ്ക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

കളക്ടർ വിളിച്ച തണ്ണീർമുക്കം ബണ്ട് ഉപദേശകസമിതി യോഗം ഏഴിന് രാവിലെ 11 മണിക്ക് ചേരും

ഡിസംബർ 15ന് അടച്ച് മാർച്ച് 15നാണ് സാധാരണ ബണ്ട് തുറക്കുക.ഈ വർഷം നേരത്തേ അടച്ചതാണ് വിവാദമായത്.

ബണ്ട് നേരത്തേ അടച്ചാൽ സ്വാഭാവിക വേലിയേറ്റ -വേലിയിറക്ക പ്രക്രിയ ഇല്ലാതാകും. ഒഴുക്കു നിലച്ച് വേമ്പനാട്ടു കായലിൽ പായലും പോളയും നിറയും ഇത് മത്സ്യ സമ്പത്തിനെ ദോഷകരമായി ബാധിക്കും. തൊഴിലാളികളുടെ ജീവിതം ദുരിതമയമാകും.

ഡി.ബാബു (മത്സ്യതൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി )