rde

കറുകച്ചാൽ : എന്ത് വിശ്വസിച്ചാണ് ഇതുവഴി യാത്ര ചെയ്യുന്നത്. മാനമൊന്ന് കറുത്താൽ നെഞ്ചിടിപ്പോടെയാണ് കടന്നുപോകുന്നത്. ഏത് നിമിഷവും മുകളിൽ നിന്ന് മണ്ണ് പതിക്കാം. മരണത്തിനും ജീവിതത്തിനുമിടയിലൂടെയുള്ള സഞ്ചാരം. മാന്തുരുത്തി - നെടുംകുന്നം റോഡിൽ യാത്രക്കാരുടെ ജീവന് ഒരുസുരക്ഷയുമില്ല. ഇതിന് പുറമെയാണ് റോഡിന്റെ തകർച്ച. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ കാൽനടയാത്ര പോലും അസാദ്ധ്യം. കഴിഞ്ഞ ദിവസത്തെ മഴയിൽ റോഡിൽ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. വഴി പരിചയമില്ലാത്തവർ എത്തിയാൽ അപകടമുറപ്പ്. ഇരുചക്രവാഹന യാത്രക്കാർക്കാണ് കൂടുതൽ ദുരിതം. റോഡിന്റെ ഇരുവശങ്ങളിലും ജലജീവൻ മിഷന്റെ പൈപ്പ് സ്ഥാപിക്കാൻ കുഴിച്ചതാണ് കെണിയായത്. വാഹനങ്ങൾ ചെളിയിൽ താഴ്ന്നു പോകുന്നതും പതിവാണ്.

കരിങ്കൽക്കെട്ട് നിലം പൊത്തി
ശക്തമായ മഴയിൽ മഴയിൽ റോഡിന്റെ ഒരു വശത്തെ 30 അടിയോളം വരുന്ന കരിങ്കൽക്കെട്ട് നിലം പൊത്തി സമീപത്തെ തോട്ടിലേക്കും റോഡിലേക്കും നിലം പതിച്ചു. ഇതേതുടർന്ന് തോടിന്റെ ഒഴുക്ക് തടസപ്പെട്ടു. സമീപത്തുള്ള പുന്നവേലി എന്റെർപ്രൈസസ്സിന്റെ സിമന്റ് ഗോഡൗണിൽ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ സിമന്റാണ് നശിച്ചത്. പ്രദേശത്തെ നിരവധി മരങ്ങൾ കടപുഴകി വീണ് ഗോഡൗണിന്റെ മേൽക്കൂരയും തകർന്നു. തൊഴിലാളികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

''തകർന്ന് തരിപ്പണമായ റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണം. രാത്രികാലങ്ങളിൽ അപകടങ്ങൾക്ക് സാദ്ധ്യതയേറെയാണ്.

(ജോ ജോസഫ് പഞ്ചായത്തംഗം).