കുമരകം : തങ്ങളുടെ മാസങ്ങൾ നീണ്ട അദ്ധ്വാനം വെറുതെയാകുമോ? കനത്ത മഴയെ തുടർന്ന് വെള്ളത്തിൽ മുങ്ങിയ പാടശേഖരത്തേക്ക് നോക്കി സങ്കടപ്പെടുകയാണ് നെൽകർഷകർ. മഴയ്ക്കൊപ്പം വേലിയേറ്റവും അയ്മനം,കുമരകം,തിരുവാർപ്പ് തുടങ്ങി പടിഞ്ഞാറൻ മേഖലയിലെ നെൽകർഷകർക്ക് വെല്ലുവിളിയായി.. കൊയ്ത്തു തുടങ്ങിയ പാടങ്ങളിലും കൊയ്ത്തിന് തയ്യാറെടുക്കുന്ന പാടങ്ങളും വെള്ളത്തിലാണ്. അയ്മനം പഞ്ചായത്തിലെ 85 ഏക്കറോളം വരുന്ന തെക്കേ കോൺ പിരിത്തിക്കോട് പാടശേഖരത്തെ കൊയ്ത്ത് വെള്ളക്കെട്ടിനെ തുടർന്ന് നിറുത്തിവെച്ചു.മൂന്ന് കൊയ്ത്ത് യന്ത്രങ്ങളും വെള്ളത്തിലായി. അടിയ്ക്കടി ഉണ്ടാകുന്ന വൈദ്യുതി തടസം വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി. സീസണിൽ മികച്ച വിളവ് പ്രതീക്ഷിച്ച കർഷകർക്കാണ് മഴ ഇരുട്ടടിയായി മാറിയത്.
നെൽചെടികൾ വീണുപോയി
കനത്തമഴയിൽ നെൽചെടികൾ പൂർണമായും വീണുപോയ സാഹചര്യവുമുണ്ടായി. വെള്ളം വറ്റിച്ച് പാടം ഉണക്കിയെങ്കിലേ വീണുപോയ നെല്ല് യന്ത്രത്തിന് കൊയ്തെടുക്കാൻ കഴിയൂ. നെൽമണികൾ പൊഴിഞ്ഞുപോകാനുള്ള സാധ്യതയും ഏറെയാണ്. താഴ്ന്ന പാടങ്ങളിൽ തൊഴിലാളികൾ കൊയ്ത്തിനിറങ്ങേണ്ടിവരും. ഇത് അധിക ചെലവും വലിയ സാമ്പത്തിക നഷ്ടവുമുണ്ടാക്കും.
750 ഏക്കർ
750 ഏക്കർ വരുന്ന അയ്മനത്തെ തൊള്ളായിരം പാടശേഖരവും വെള്ളത്തിലാണ്. ഇവിടെ കൊയ്ത്ത് യന്ത്രം പാടശേഖരത്തേക്ക് ഇറക്കാൻ കഴിയാത്ത സാഹചര്യമാണ്.