
പാലാ : എം ജി അത്‌ലറ്റിക് മീറ്റിൽ വനിതാ വിഭാഗത്തിൽ 193 പോയിന്റോടെ പാലാ അൽഫോൻസാ കോളേജും, പുരുഷ വിഭാഗത്തിൽ 155.5പോയിന്റോടെ ചങ്ങനാശേരി എസ് ബി കോളേജും വിജയികളായി. വനിതാവിഭാഗത്തിൽ 140പോയിന്റോടെ ചങ്ങനാശേരി അസംപ്ഷനും 109 പോയിന്റോടെ കോതമംഗലം എം എയും യഥാക്രമം രണ്ടും, മൂന്നും സ്ഥാനം നേടി. പുരുഷ വിഭാഗത്തിൽ എം.എ കോളേജിനാണ് രണ്ടാം സ്ഥാനം. രണ്ടാം ദിനത്തിൽ രണ്ട് പുതിയ മീറ്റ് റെക്കാഡുകൾ പിറന്നു. 400 മീറ്റർ ഹർഡിൽസിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ്‌കോളേജിലെ മനൂബ് എം (51.10), 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ എസ് ബിയുടെ ബെഞ്ചമിൻ ബാബു (9.22.60) എന്നിവരാണ് റെക്കാഡ് സൃഷ്ടിച്ചത്. സമാപന സമ്മേളനത്തിൽ സിൻഡിക്കേറ്റ് അംഗം റെജി സക്കറിയ ട്രോഫികൾ വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പൾ ഫാ. ഷാജി ജോൺ,ബിനുജോർജ് വർഗീസ്, ജോജി അലക്‌സ്, പാലാ മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബൈജു കൊല്ലംപറമ്പിൽ ,സാവിയോ കാ വുകാട്ട് എന്നിവർ പ്രസംഗിച്ചു.
അൽഫോൻസയ്ക്കിത് മധുര വിജയം
ഒരുപോയിന്റിന്റെ വ്യത്യാസത്തിൽ കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ചാമ്പ്യൻഷിപ്പ് 32 പേരടങ്ങിയ അൽഫോൻസാ ടീം ഇത്തവണ വീണ്ടെടുക്കുകയായിരുന്നു. 23 ഇനങ്ങളിലും പങ്കെടുത്താണ് ഈ മികച്ചനേട്ടം കൈവരിച്ചത്. പ്രിൻസിപ്പൽ ഫാ.ഡോ.ഷാജി ജോൺ, ബർസാർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവരുടെ പിന്തുണയണ് വിജയത്തിൻ പിന്നിലെന്ന് കായിക വിഭാഗം മേധാവി ഡോ. സിനിതോമസ് പറഞ്ഞു. ഡോ. തങ്കച്ചൻ മാത്യു, സതീഷ് കുമാർ കെ.പി, വിനയചന്ദ്രൻ,റോഷൻ ഐസക്‌ജോൺ ,ജഗദീഷ് ആർ.കൃഷ്ണൻ എന്നിവരായിരുന്നു പരിശീലകർ.
ആളും ആരവവും ഒഴിഞ്ഞ്
പാലാ. എം ജി അത്‌ലറ്റിക് മീറ്റ് ''വഴിപാട്'' മാത്രമാകുന്നുവോ? പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ മീറ്റിൽ ആളും ആരവങ്ങളുമുണ്ടായിരുന്നില്ല. കായികകലയുടെ കളിത്തൊട്ടിലായ പാലായിൽ മേള കാണാൻ പോലും പൊതുജനങ്ങളാരും എത്തിയില്ല. 900 പേർ രജിസ്റ്റർ ചെയ്‌തെങ്കിലും 23 ഇനങ്ങളിലായി നടന്ന മത്സരത്തിൽ പങ്കെടുക്കുന്നവർ ഇതിന്റെ പകുതിയോളം മാത്രം. എം.ജി കായികമേള കഴിഞ്ഞ കുറെ വർഷങ്ങളായി ചുരുക്കം ചില കോളേജുകളുടെ കുത്തകയാണ്. മറ്റാർക്കും ചാമ്പ്യൻഷിപ്പിലേക്കുള്ള വഴിയിൽ എത്തിനോക്കാൻപോലുമാകുന്നില്ല. സ്‌പോർട്‌സ് കൗൺസിൽ വിവിധ കലാലയങ്ങളിലെ ഹോസ്റ്റലുകളിലേക്ക് കുട്ടികളെ കാര്യമായി അയയ്ക്കാത്ത അവസ്ഥയുമുണ്ട്. നേരത്തെ 30 50 വരെ കായികതാരങ്ങളുണ്ടായിരുന്ന പല പ്രമുഖ കലാലയങ്ങളുടേയും ഹോസ്റ്റലുകളിൽ ഇപ്പോഴുള്ളത് പത്തോ ഇരുപതോ കായികതാരങ്ങൾ മാത്രം. ഇവർക്കുള്ള ഗ്രാന്റും കിട്ടിയിട്ട് മാസങ്ങളായി. ദിവസം 250 രൂപ വീതം 7500 രൂപയാണ് ഒരു കായികതാരത്തിന് മാസംതോറും സ്‌പോർട്‌സ് കൗൺസിലിൽ നിന്ന് അനുവദിച്ച് വരുന്നത്. ഗ്രാന്റ് കിട്ടാതായതോടെ പ്രമുഖ കലാലയങ്ങൾ ഇതിനോടകം ലക്ഷക്കണക്കിന് രൂപ സ്വന്തം അക്കൗണ്ടിൽ നിന്ന് എടുക്കേണ്ട ഗതികേടിലായി. കോച്ചുമാർക്കും ശമ്പള കുടിശികയുണ്ട്. ''ഈ രീതിയിൽ മുന്നോട്ടുപോയാൽ കേരളത്തിൽ കായികമേഖലയുടെ മുരടിപ്പാകുമുണ്ടാകുക. സ്‌പോർട്‌സ് കൗൺസിലും സർക്കാരും ഇത് ഗൗരവമായി കാണണമെന്നാണ് കായികഅദ്ധ്യാപകർ പറയുന്നത്.
കലാലയങ്ങളോട് ചേർന്ന് കായിക അക്കാഡമികൾ
ഇന്ന് പ്രമുഖ കലാലയങ്ങളോട് അനുബന്ധിച്ച് കായിക അക്കാഡമികൾ പ്രവർത്തിക്കുന്നുണ്ട്. സ്‌കൂൾതലം മുതൽ കായികാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന അക്കാഡമികൾവഴി പരിശീലനം നേടുന്ന കുട്ടികൾ ഒളിമ്പിക്‌സ് വരെ എത്തിയ ചരിത്രമുണ്ട്. കാച്ച് ദ യംഗ് (കുരുന്നിലെ പിടികൂടുക) എന്ന തത്വത്തിലൂന്നിയാണ് ആനുകാലിക കായിക മേഖല മുന്നോട്ടുപോകാൻ ശ്രമിക്കുന്നതെന്ന് കോതമഗലം എം എ കോളേജിലെ മുൻകായിക അദ്ധ്യാകനും പ്രമുഖ കോച്ചുമായ പി ഐ ബാബു ''കേരള കൗമുദി''യോട് പറഞ്ഞു. കായികമേളകളിലെ ചാമ്പ്യൻഷിപ്പിനേക്കാൾ മികവുറ്റ കായികതാരങ്ങളെ സൃഷ്ടിക്കുകയെന്നതാണ് നിലവിലെ രീതി. ഇതിന് കായിക അഭിരുചിയുള്ള കുട്ടികളെ സ്‌കൂൾ തലം മുതലെ തിരഞ്ഞെടുത്ത് പരിശീലനം കൊടുക്കണം. ഈ തരത്തിലുള്ള ആദ്യചുവടുവയ്പ് നടത്തിയത് കോതമംഗലം എം.എ അക്കാഡമിയാണ്. പിന്നീട് പലരും ഈ സംവിധാനത്തിലേക്ക് കടന്നുവന്നു. ചാമ്പ്യൻഷിപ്പുകൾക്കപ്പുറം മികവുള്ള കായികതാരങ്ങളെ സൃഷ്ടിച്ചുകൊണ്ട് ഒളിമ്പിക്‌സിൽ പോലും പങ്കെടുപ്പിക്കാൻ കഴിഞ്ഞുവെന്നതിന്റെ തെളിവാണ് അബൂബക്കർ, അജ്മൽ പോലുള്ള കായികതാരങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദീർഘനാൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പ്രവർത്തിച്ച ശേഷമാണ് പ്രൊഫ.ബാബു എം.എയിലേക്കെത്തിയത്.