
കോട്ടയം: ഒരുമണിക്കൂർ മഴ പെയ്താൽ മതി. തോടരികിലെ പാടവും പറമ്പും കൃഷിയും വീടുമെല്ലാം വെള്ളത്തിലാവും. മണിക്കൂറുകൾക്കുള്ളിൽ ഇറങ്ങിയും പോകും. മുൻപ് വെള്ളപ്പൊക്കം പടിഞ്ഞാറൻ മേഖലയ്ക്ക് മാത്രമായിരുന്നു പേടി സ്വപ്നമെങ്കിൽ ഇപ്പോൾ കൈത്തോടുള്ളയിടങ്ങൾ പോലും വെള്ളപ്പൊക്കത്തെ പേടിക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ രണ്ട് ദിവസം പെയ്ത മഴ ഏറ്റവും അധികം വലച്ചത് വെള്ളപ്പൊക്ക ഭീഷണിയില്ലാത്ത സ്ഥലങ്ങളിലാണ്.
തമിഴ്നാടിന് ഭീഷണിയായ ഫെയ്ഞ്ചൽ കൊടുങ്കാറ്റ് കോട്ടയത്തിന്റെ പ്രന്തപ്രദേശങ്ങളേയും വെള്ളത്തിലാക്കി. അയർക്കുന്നം, പാമ്പാടി, കറുകച്ചാൽ, മണിമല,എരുമേലി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ചെറുതോടുകൾ മണിക്കൂറുകൾക്കുള്ളിൽ നിറഞ്ഞു. തോട്ടിൽ നിന്ന് പറമ്പിലേയ്ക്കും റോഡിലേയ്ക്കും വീടുകളിലേയ്ക്കും വെള്ളംകയറാൻ അധികം വേണ്ടി വന്നില്ല. കൃഷിയും സാധനങ്ങൾക്കും നഷ്ടവുമുണ്ടായി.
2018ലെ പ്രളയകാലത്ത് പോലും ജില്ലയുടെ നാട്ടിൻപുറങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയില്ലായിരുന്നു. പടിഞ്ഞാറൻ മേഖലകളിൽ വെള്ളപ്പൊക്കം പ്രതീക്ഷിക്കാം.അതിനാൽ ആളുകളെ സുരക്ഷിതമാക്കാനും സാധനങ്ങൾ മാറ്റാനും സമയം ലഭിക്കും. മുൻപ് ആറുകളെ പേടിച്ചാൽ മതിയായിരുന്നെങ്കിൽ ഇപ്പോൾ കൈത്തോടുകളെ വരെ കരുതിയിരിക്കേണ്ട അവസ്ഥയാണ്.
 വീതി കുറഞ്ഞു മാലിന്യം നിറഞ്ഞു
കൈയേറ്റവും മാലിന്യ നിക്ഷേപങ്ങളും മൂലം തോടിന്റെ വീതി കുറയുകയും നിറയുകയും ചെയ്തു. ഇതോടെ ഒഴുകിവരുന്ന വെള്ളംകെട്ടി നിന്ന് കരകളിലേയ്ക്കും പറമ്പിലും വീടുകളിലേയ്ക്കും കയറുന്നു. പാമ്പാടി, അയർക്കുന്നം പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ വ്യാപകമായ കൃഷിയും നശിച്ചു. പന്നഗംതോടിന്റെ കരയിലുള്ള പറമ്പും വീടും പെട്ടെന്നാണ് വെള്ളത്തിലായത്. മണിക്കൂറുകൾക്കുള്ളിൽ വെള്ളം താഴുകയും ചെയ്തു. അപ്പോഴേയ്ക്കും ഭീമമായ നഷ്ടവുമുണ്ടാകും.
പ്രശ്നം പലവിധം
 അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ മുൻകരുതൽ അസാദ്ധ്യം
 റോഡുകളിലേയ്ക്ക് അതിശക്തമായി വെള്ളംകയറുന്നത് അപകടസാദ്ധ്യത
 ആളുകൾ അറിഞ്ഞും വരുംമുന്നേ വെള്ളം കയറുന്നതും ഭീഷണി
 മഴയത്ത് തോടുകളിൽ കുളിക്കുമ്പോൾ അപ്രതീക്ഷിത ഒഴുക്കും ഭീഷണി
മഴയിലും റെക്കാഡ്
മൂന്ന് മണിക്കൂറാണ് ജില്ലയിൽ മഴ ഒരേ സമയം നീണ്ടു നിന്നത്. 183.8 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.