
കൊക്കയാർ : പ്രളയത്തിന്റെ മുറിവുകൾ ഇതുവരെ ഉണങ്ങിയിട്ടില്ല. ഇതിനിടെ അധികൃതർ കൂടി പാലം വലിച്ചാൽ എന്താകും അവസ്ഥ. മറുകരയെത്താൻ പെടാപ്പട് പെടുന്ന കൊക്കയാർ പഞ്ചായത്തിലെ കനകപുരം നിവാസികളുടെ ദുരിതം ഇനിയും കണ്ടില്ലെന്ന് നടിക്കരുത്. പുല്ലകയാറിന് കുറുകെയുള്ള കുപ്പായക്കുഴി നടപ്പാലം പ്രളയത്തിൽ ഒലിച്ചുപോയതോടെയാണ് ഇവരുടെ വഴിയടഞ്ഞത്. ഏറെക്കാലത്തെ ആവശ്യത്തിനൊടുവിൽ പാലം നിർമ്മാണത്തിന് അനുമതിയായി. അഴുത ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് 12 ലക്ഷവും, കൊക്കയാർ പഞ്ചായത്തിൽ നിന്ന് 10 ലക്ഷം രൂപയും അനുവദിച്ചു. നിർമ്മാണവും തുടങ്ങി. പക്ഷേ, ഉയർന്നത് തൂണ് മാത്രം. പാലം പൂർത്തീകരിക്കണമെങ്കിൽ 35 ലക്ഷം രൂപ വേണ്ടിവരും. എം.പി ഫണ്ടിൽ നിന്ന് 15 ലക്ഷം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇത് ലഭിച്ചില്ലെങ്കിൽ പാലം നിർമ്മാണം മുടങ്ങുകയും അനുവദിച്ച ഫണ്ടും നഷ്ടമാകും.
കിലോമീറ്ററുകൾ ചുറ്റി സ്കൂളിലേക്ക്
30 ലേറെ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വിദ്യാർത്ഥികളടക്കം സ്കൂളിലേക്ക് പോകുന്നത് ഏന്തയാർ, മുക്കുളം വഴി ചുറ്റിയാണ്. 6 കിലോമീറ്റർ ദൂരം അധികം സഞ്ചരിക്കണം. ഒപ്പം സമയനഷ്ടവും. മഴയാണേൽ സമയത്ത് സ്കൂളിൽ എത്താനും പലർക്കും സാധിക്കുന്നില്ല. തിരികെ മക്കൾ വീട്ടിലെത്തുന്നത് വരെ രക്ഷിതാക്കൾക്കും ആധിയാണ്. ഏറെപ്പേരും പഠിക്കുന്നത് ഏന്തയാർ, കൂട്ടിക്കൽ സ്കൂളുകളിലാണ്. രാത്രികാലങ്ങളിൽ എന്തെങ്കിലും അസുഖം വന്നാൽ യഥാസമയം ആശുപത്രിയിലെത്തിക്കാനും പലർക്കും സാധിക്കുന്നില്ല.
''എം.പി, എം.എൽ.എ എന്നിവർ പാലം പുനർനിർമ്മിക്കുന്നതിനുള്ള തുക അടിയന്തരമായി അനുവദിക്കണം. ഏറെ ബുദ്ധിമുട്ടിയാണ് ഇവിടെ താമസിക്കുന്നത്.
-പ്രദേശവാസികൾ