d

കോട്ടയം: പ്രിയപ്പെട്ടവരെ കണ്ണീർക്കടലിലാക്കി ,ചേട്ടൻ ദേവദത്തൻ നൽകിയ​ അന്ത്യചുംബനം ഏറ്റുവാങ്ങി ദേവനന്ദ​ൻ അനന്തയിലേയ്ക്ക് മറഞ്ഞു. ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച ഒന്നാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥി കോട്ടയം മറ്റക്കര പൂവക്കുളം അശ്വതിവിലാസത്തിൽ ബി.ദേവനന്ദന് (19) നാട് ഹൃദയേവേദനയോടെ

യാ​ത്രാമൊഴിയേകി.

മുത്തശ്ശി തങ്കമ്മയുടെ മോനേയെന്നുള്ള വിളി കൂടി നിന്നവരെയും കരയിച്ചു. ക്രിസ്‌മസിനെത്താമെന്ന വാക്കു നൽകി മടങ്ങിയ കൊച്ചുമകന്റെ ചേതനയറ്റ ശരീരം തങ്കമ്മയ്ക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. വേദനയോടെ ബന്ധുക്കളും ആലപ്പുഴ മെഡിക്കൽ കോളേജിലെ സഹപാഠികളും അവസാനമായി ദേവനന്ദനെ ഒരു നോക്ക് കാണാനെത്തിയിരുന്നു.

കോട്ടയം മറ്റക്കരയിലെ തറവാട്​ വീടിനോട്​ ചേർന്നൊരുക്കിയ ചിതയിൽ ഇന്നലെ ഉച്ചയ്ക്ക്​ 2.30ഓടെ മൃതദേഹം സംസ്​ക്കരിച്ചു. ദേവനന്ദന്റെ പിതൃസഹോദര പുത്രൻമാരായ നന്ദദേവ്​, ആദിദേവ്​ എന്നിവർ ചേർന്നാണ്​ ചിതയ്ക്ക്​ തീ കൊളുത്തിയത്​. ചിതയെരിയുന്നത്​ കാണാൻ കഴിയാതെ മാതാപിതാക്കളായ ബിനുരാജും രഞ്ജിമോളും മുത്തച്ഛൻ നാരായണപിള്ളയും മുത്തശ്ശി തങ്കമ്മയും വീട്ടിൽ തന്നെ തുടർന്നു.പോണ്ടിച്ചേരിയിൽ മൂന്നാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായ ദേവദത്തൻ ചൊവാഴ്ചയാണ്​ നാട്ടിലെത്തിയത്​. ദേവനന്ദന്റെ മൃതദേഹം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക്​ 2.30 ഓടെ വീട്ടിലെത്തിച്ചിരുന്നു.ചൊവാഴ്ച രാത്രിയിലും ഇന്നലെ രാവിലെയുമായി നൂറു കണക്കിനുപേരാണ്​ അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിൽ​ എത്തിയത്​.