പാലാ : പാലാ ജൂബിലി തിരുനാളിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ആശംസകൾ. എല്ലാവിഭാഗത്തിൽപ്പെട്ടവരുടെയും വിശ്വാസഗോപുരമായി വർത്തിക്കുന്ന കുരിശുപള്ളി മാതാവിന്റെ തിരുനാളിന് ഒരു തികഞ്ഞ മരിയഭക്തൻ എന്ന നിലയിൽ താൻ ഭക്ത്യാദരപൂർവം എല്ലാ ആശംസകളും നേരുകയാണെന്ന് സുരേഷ് ഗോപി പള്ളിയധികാരികൾക്കയച്ച സന്ദേശത്തിൽ പറഞ്ഞു. ''പാലാ കുരിശുപള്ളി മാതാവുമായുള്ള എന്റെ വിശ്വാസത്തിലധിഷ്ഠിതമായ ബന്ധമാരംഭിച്ചിട്ട് മൂന്ന് പതിറ്റാണ്ടോളമായി. പാലായിൽ അമ്മവീടുള്ള രൺജി പണിക്കരുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ''ലേലം'' സിനിമയിൽ, സംഭാഷണത്തിനിടയിൽ ''എന്റെ കുരിശുപള്ളി മാതാവേ'' എന്ന് ഞാൻ പലവുരു ആവർത്തിക്കുന്നുണ്ട്. ആ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ആദ്യമായി പാലാ കുരിശുപള്ളി മാതാവിന്റെ സന്നിധിയിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കാനവസരം ലഭിച്ചത്. പിന്നീട് പാലായിലെത്തുമ്പോഴെല്ലാം മുടങ്ങാതെ മാതാവിനടുത്തെത്തി വണങ്ങാൻ കഴിഞ്ഞിട്ടുമുണ്ട്. കുടുംബത്തോടൊപ്പവും കുരിശുപള്ളിയിലെത്തി പ്രാർത്ഥിച്ചത് നന്ദിയോടെ ഓർക്കുന്നു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അടക്കമുള്ള വിശ്വാസ സമൂഹവുമായി എനിക്കുള്ള ആത്മാർത്ഥമായ സ്‌നേഹബന്ധം ഈ അവസരത്തിൽ പ്രത്യേകം സ്മരിക്കുകയാണെന്നും'' സുരേഷ് ഗോപി പറയുന്നു.