കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പു നടക്കുന്ന ഈരാറ്റപേട്ട നഗരസഭ പതിനാറാം വാർഡ് (കുഴിവേലി വാർഡ്) അതിരമ്പുഴ പഞ്ചായത്ത് മൂന്നാംവാർഡ്( ഐ.ടി.ഐ.) മണ്ഡലങ്ങളുടെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പത്തിന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്‌റ്റേഷനുകളായി ഉപയോഗിക്കുന്ന സ്‌കൂളുകൾക്ക് 9, 10 തീയതികളിലും അവധി ആയിരിക്കും. പത്തിന് വൈകിട്ട് ആറു മണിക്ക് മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ 11 നും സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടർമാരായ സർക്കാർ, അർദ്ധ സർക്കാർ, പൊതമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രേഖകൾ സഹിതം അപേക്ഷിക്കുന്ന പക്ഷം വോട്ടു ചെയ്യാൻ പ്രത്യേക അനുമതി ബന്ധപ്പെട്ട മേലധികാരികൾ അനുവദിക്കണം.വോട്ടെടുപ്പ് ഡിസംബർ 10ന് രാവിലെ 7 മുതൽ വൈകിട്ട് ആറു വരെ നടക്കും. വോട്ടെണ്ണൽ ഡിസംബർ 11 ന് രാവിലെ 10 മണിക്ക് ആരംഭിക്കും.