പാലാ : കടനാട് പഞ്ചായത്തിൽ ജനജീവിതത്തിന് ഭീഷണിയായി മാറിയ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ പഞ്ചായത്ത് തീരുമാനം. പന്നി ശല്യം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ജിജി തമ്പി കേരളകൗമുദിയോട് പറഞ്ഞു. കഴിഞ്ഞ ദിവസം വ്യാപകമായി കാട്ടുപന്നികൾ കൃഷി നശിപ്പിച്ചിരുന്നു. ബൈക്കിൽ പോയ പഞ്ചായത്ത് മെമ്പർ കെ.ആർ. മധുവും ആക്രമണത്തിന് ഇരയായി. മലയോര ഗ്രാമങ്ങളായ മറ്റത്തിപ്പാറ, നീലൂർ, അഴികണ്ണി, നൂറുമല, പൊതിചോറ്റുപാറ, കാവുംകണ്ടം പ്രദേശങ്ങളിലാണ് ഇവയുടെ ശല്യം രൂക്ഷം. കാവുംകണ്ടം ഞള്ളായിൽ ബിജുവിന്റെ 200 ചുവടോളം മരച്ചീനിയാണ് നശിപ്പിച്ചത്. തോക്ക് ലൈസൻസുള്ള അപേക്ഷകർക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രത്യേക വിവേചനാധികാരം ഉപയോഗിച്ച് കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ സർക്കാർ അനുവാദമുണ്ട്.

പഞ്ചായത്ത് പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ഉപദ്രവം മൂലം ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ നേരിട്ടാൽ പ്രസിഡന്റിനെ വിവരമറിയിക്കണം.

നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാം

നിലവിൽ നാശനഷ്ടം നേരിട്ട കർഷകർ കടനാട് കൃഷി ഓഫീസറെ വിവരമറിയിച്ച് നഷ്ടപരിഹാരത്തിന് അപേക്ഷ നൽകണം. മലമ്പ്രദേശങ്ങളിലെ സ്ഥലമുടമകൾ തങ്ങളുടെ വസ്തുവിൽ വളർന്നിരിക്കുന്ന കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കി ഇടണം. ഇത് വന്യജീവികൾ പെറ്റുപെരുകുന്നത് തടയാൻ കഴിയുമെന്നും പ്രസിഡന്റ് പറഞ്ഞു.

''കാട്ടിൽ വസിക്കുന്ന മൃഗങ്ങൾ നാട്ടിലെത്തി കൃഷിസ്ഥലത്ത് നാശം വിതയ്ക്കുന്നതിനെതിരെ ശക്തമായ നടപടികളുമായി പഞ്ചായത്ത് മുന്നോട്ട്‌ പോകും.

-ജിജി തമ്പി, പഞ്ചായത്ത് പ്രസിഡന്റ്