കോട്ടയം: അകക്കൺ കാഴ്ച്ചയിൽ നൃത്തം ചെയ്ത് സദസിനെ കീഴടക്കി ദേവതീർത്ഥ. ഏഴുവയസുകാരിയുടെ നൃത്തചുവടിൽ ലയിച്ച് കാണികളും. ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി മാമ്മൻ മാപ്പിള ഹാളിൽ നടന്ന ജില്ലാതല പരിപാടി ഉണർവ്വ് 2024 ലാണ് ദേവതീർഥ നാടോടിനൃത്തം അവതരിപ്പിച്ചത്. ഒളശ്ശ അന്ധവിദ്യാലയത്തിലെ രണ്ടാംക്ലാസ് വിദ്യാർത്ഥിനിയാണ് കൊച്ചുമിടുക്കി.
ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിൽ സ്‌പെഷ്യൽ സ്‌കൂൾ വിഭാഗം പ്രവൃത്തിപരിചയമേളയിൽ പുൽപായ നിർമാണത്തിൽ ദേവതീർത്ഥ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയിരുന്നു. സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവത്തിൽ നാടോടിനൃത്തത്തിലും ഒന്നാംസ്ഥാനം കരസ്ഥമാക്കി. ജന്മനാൽ 50 ശതമാനം കാഴ്ചയില്ല ദേവതീർത്ഥയ്ക്ക്. ഇടുക്കി രാജാക്കാട് സ്വദേശി രതീഷ് ഹരിപ്രിയ ദമ്പതികളുടെ മകളാണ്. സഹോദരൻ ദേവാനന്ദ് പരിപ്പ് ഹൈസ്‌കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിയാണ്.