
കടുത്തുരുത്തി: ഇന്നേയ്ക്ക് ഒരാഴ്ച മുമ്പാണ് കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് മുറിയിൽ വച്ച് വിദ്യാർത്ഥിനി അതുല്യ എ.ആർ.എം സിനിമയിൽ വൈക്കം വിജയലക്ഷ്മി ആലപിച്ച പാട്ട് പാടിയത്; ''അങ്ങ് വാന കോണിൽ മിന്നി നിന്നൊരമ്പിളി... അമ്പിളി കലയ്ക്കുള്ളിൽ ചോര കൺമുയൽ...''. ഇന്നേയ്ക്ക് ഇത് സമൂഹമാധ്യമത്തിൽ കണ്ടവർ ഒരുകോടിയിലേക്ക് അടുക്കുകയാണ്! കൂട്ടുകാർക്കിടയിൽ എഴുന്നേറ്റ് നിന്ന് അതുല്യ പാടിയ പാട്ട് ലോകം മുഴുവൻ പരത്തിയത് സ്‌കൂളിലെ സംഗീത അദ്ധ്യാപിക നിമിഷ മുരളിയും. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നിമിഷ പോസ്റ്റ് ചെയ്തു. ടീച്ചറിന്റെ ഇൻസ്റ്റഗ്രാം പേജിൽ 3.8 മില്യൻ ആളുകൾ വീഡിയോ കണ്ടു. ലക്ഷക്കണക്കിനാളുകൾ ലൈക്കടിച്ചു. പാട്ടിന്റെ അലയൊലി വൈക്കം വിജയലക്ഷ്മിയുടെ കാതുകളിലുമെത്തി. കൊച്ചുഗായികയെ കാണാനിരിക്കുകയാണ് വിജയലക്ഷ്മി. സംഗീതം പഠിച്ചിട്ടില്ലെങ്കിലും നാടൻപാട്ട് ഉൾപ്പെടെ അതുല്യ മനോഹരമായി പാടും.
എഴുതിയെടുത്ത് പഠിക്കും
ഇഷ്ടപ്പെട്ട പാട്ടുകൾ എഴുതിയെടുത്ത് പഠിച്ചെടുക്കും. പാടാൻ ശ്രമിക്കും. മേസ്തിരി പണിക്കാരനായ മധുവേലി കട്ടപ്പുറത്ത് പ്രശാന്തിന്റെയും മഞ്ജുവിന്റെയും മകളാണ്. സഹോദരി അലേഹ്യ ഇതേ സ്‌കൂളിലെ തന്നെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ആ പാട്ട് മനസ് നിറച്ചു
ഇഷ്ടമുള്ള പാട്ടുകൾ പാടാൻ കുട്ടികളെ ക്ഷണിച്ചു. അപ്പോഴാണ് അതുല്യ പാടിയത്. കേട്ടപ്പോൾ ഇവളുടെ പാട്ട് ലോകം അറിയണമെന്ന് തോന്നി. ഫോണിൽ റിക്കോർഡ് ചെയ്തത്....സംഗീത അദ്ധ്യാപിക നിമിഷ മുരളി പറഞ്ഞു. സംഗീതജ്ഞ മാതംഗി സത്യമൂർത്തിയുടെ കീഴിൽ നിമിഷ സംഗീതം അഭ്യസിക്കുന്നുണ്ട്. പാലാ കുടക്കച്ചിറ സ്വദേശിനിയാണ്. ഭർത്താവ് വിശാഖ്. ധ്യാൻ ഏക മകനാണ്.