
കോട്ടയം : കുത്തനെയുള്ള ഇറക്കം, കൊടുംവളവ്...സുരക്ഷാ സംവിധാനങ്ങൾ നിരവധിയൊരുക്കിയിട്ടും കണമല അട്ടിവളവിലെ അപകടങ്ങൾക്ക് കടിഞ്ഞാണിടാനാകാതെ അധികൃതർ. ശബരിമല തീർത്ഥാടനകാലം തുടങ്ങിയ ആദ്യഘട്ടത്തിൽ ബസ് മറിഞ്ഞ് 6 ഭക്തർക്കാണ് പരിക്കേറ്റത്. അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവരുടെ വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിലേറെയും. കണമലയിലും, കണ്ണിമലയിലും അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ഇതിന് ശാശ്വതപരിഹാരം വേണമെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വളവുകൾ നിവർത്തുന്നതിനൊപ്പം റോഡുകൾക്ക് വീതി കൂട്ടണമെന്നതാണ് ശുപാർശ. വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് അന്ന് ഐ.ജിയായിരുന്ന ബി.സന്ധ്യയുടെ നേതൃത്വത്തിൽ അന്വേഷണകമ്മിഷനെ നിയമിച്ചിരുന്നു. റോഡ് വികസനം അടിയന്തരമായി നടപ്പാക്കണമെന്ന് റിപ്പോർട്ടും നൽകി. എന്നിട്ടും നടപടിയുണ്ടായില്ല. കണമലയിൽ വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ റോഡിൽ പത്തുമീറ്റർ ഇടവേളയിൽ കട്ടിയുള്ള മാർക്കിംഗ് ഒരുക്കിയിട്ടുണ്ട്. ഈ ഭാഗത്ത് വാഹനങ്ങളുടെ വേഗം മണിക്കൂറിൽ 20 കിലോമീറ്ററായി കുറയ്ക്കുകയാണ് ലക്ഷ്യം.
സമാന്തരപാത ഇങ്ങനെ കിടന്നാൽ പോരാ
കണമലയിലെ അപകടം കുറയ്ക്കാൻ കീരിത്തോടുവഴി എരുത്വാപ്പുഴമുതൽ കണമലവരെ നിർമ്മിച്ച സമാന്തരറോഡ് ഗതാഗതയോഗ്യമാക്കണമെന്നാണാവശ്യം. 2015 ൽ നിർമ്മിച്ച 2.5 കിലോമീറ്റർ ദൈർഘ്യംവരുന്ന റോഡിന്റെ ഒരുഭാഗം 2018ലെ പ്രളയത്തിൽ തകർന്നിരുന്നു. റോഡിന്റെ 600 മീറ്റർ തീർത്തും സഞ്ചാരയോഗ്യമല്ല. ഗ്രാമീണറോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുത്ത് 6.3 കോടി രൂപ ചെലവിൽ നന്നാക്കിയതാണ്. അടുത്ത സീസണിനുമുമ്പ് റോഡ് നന്നാക്കിയാൽ വൺവേയായി ഉപയോഗിക്കാമെന്നും മോട്ടോർവാഹനവകുപ്പ് റിപ്പോർട്ടിലുണ്ട്. കണ്ണിമല മഠംപടിയിൽ കൊടുംവളവ് നികത്തണമെന്നും പറയുന്നു.
വികസനം അനിശ്ചിതത്വത്തിൽ
2017 ൽ പ്രഖാപിച്ച മുണ്ടക്കയം - ഭരണിക്കാവ് റോഡ് 183 എ എൻ.എച്ച് യാഥാർത്ഥ്യമായാൽ അപകടങ്ങൾ കുറയ്ക്കാനാകും. നിർദ്ദിഷ്ട റോഡ് 71 ചെയിനെജ് ഇലവുങ്കൽ വരെ പൂർത്തീകരിച്ചു. 31 കിലോമീറ്റർ മുണ്ടക്കയം വരെ പൂർത്തീകരിച്ചാലേ പദ്ധതി യാഥാർഥ്യമാകു. കണമല - മുണ്ടക്കയം ഭാഗങ്ങളിലെ സർവേ നടപടികളിലെ കാലത്താമസമാണ് പദ്ധതി വൈകാൻ കാരണമെന്നാണ് എൻ.എച്ച് അധികൃതരുടെ മറുപടി.
രണ്ടുവർഷത്തെ കണക്ക്
കണമല ഭാഗത്ത് : അപകടം 30, മരണം 4
കണ്ണിമല വളവ് : അപകടം 4 , മരണം 2
''അട്ടിവളവിലും മുണ്ടക്കയം റോഡിലെ കണ്ണിമല ഇറക്കത്തിലും അപകടങ്ങൾ ഉണ്ടാകാതെ ഒരു മണ്ഡലമകരവിളക്ക് കാലവും കടന്നുപോയിട്ടില്ലെന്നതാണ് സ്ഥിതി. വേഗത്തിലെത്തുന്ന വാഹനങ്ങൾ കണ്ണിമല ഇറക്കത്തിലെ വളവിൽ തിരിയാനാകാതെ നിയന്ത്രണം നഷ്ടപ്പെടുകയാണ്.
-പ്രദേശവാസികൾ