d

കോട്ടയം : ജലഅതോറിട്ടിയിൽ അടിയന്തിര അറ്റകുറ്റപണികൾ നടത്തിയവകയിൽ സർക്കാർ നൽകാനുള്ള 19 മാസത്തെ കുടിശികയായ 200 കോടി രൂപ ഉടൻ വിതരണം ചെയ്‌തില്ലെങ്കിൽ ഒരുജോലിയും ഏറ്റെടുക്കില്ലെന്ന മുന്നറിയിപ്പുമായി കരാറുകാർ സമരത്തിനൊരുങ്ങുന്നു.

പൈപ്പ് ഇടുന്നതിന് വെട്ടിപ്പൊളിച്ച റോഡു നന്നാക്കൽ അടക്കമുള്ള പണികൾ വ്യാപകമായി സ്തംഭിച്ചേക്കും. പണി വൈകുന്നതോടെ മാലിന്യം കലർന്നു കുടിവെള്ളത്തിന്റെ ഗുണമേന്മയും ഇല്ലാതാകും.

കേന്ദ്ര സർക്കാർ പലിശ രഹിത വായപയായി ജല ജീവൻ പദ്ധതിക്ക് 288 കോടി രൂപ സംസ്ഥാന സർക്കാരിന് നൽകിയിരുന്നു.ഇത് ചെറുകിടക്കാർക്കു നൽകാതെ വലിയ കരാറുകാർക്കാണ് സർക്കാർ കൈമാറിയത്. ജലജീവൻ പദ്ധതി അറ്റകുറ്റപണികൾക്ക് ചെലവഴിച്ചിരുന്നെങ്കിൽ കേന്ദ്രസർക്കാർ വീണ്ടും 288 കോടി അനുവദിച്ചു പദ്ധതി സുഗമമായി തുടർന്നേനേ.സംസ്ഥാന സർക്കാർ വിഹിതമായി 380 കോടി രൂപ കൂടി ജലജി വൻ പദ്ധതിയ്ക്ക് നൽകാൻ തീരുമാനമായെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം ധനവകുപ്പ് പണം കൈമാറിയിട്ടില്ല.

4000 കോടിരൂപ കുടിശിഖ

ജലജീവൻ പദ്ധതിക്ക് പൈപ്പ് സ്ഥാപിച്ചതും റോഡ് നന്നാക്കിയതുമടക്കം ജോലികൾ ചെയ്ത കരാറുകാർക്ക് 4000 കോടി രൂപയുടെ കുടിശിഖ കിട്ടാനുണ്ട്. പണം കിട്ടാതെ വന്നതോടെ പ്രവർത്തികൾ കരാറുകാർ നിറുത്തിവെച്ചതിനാലാണ് പുതിയ പൈപ്പ് സ്ഥാപിക്കാൻ കുഴിച്ച റോഡുകൾ വെട്ടിപ്പൊളിച്ച നിലയിൽ തന്നെ കിടക്കുന്നത്.

45,​000 കോടിയുടെ പദ്ധതി
45,000 കോടി രൂപയാണ് കേരളത്തിൽ ജലജീവൻ പദ്ധതി നടപ്പാക്കാൻ ആകെ വേണ്ടത്. അടുത്ത മാർച്ച് 31ന് പദ്ധതി പൂർത്തീകരണ കാലാവധി അവസാനിക്കും. കേന്ദ്ര- സംസ്ഥാന വിഹിതങ്ങളായി ഇതുവരെ 10,000 കോടി മാത്രമാണ് വിതരണം ചെയ്തത്. ദേശീയ തലത്തിൽ പദ്ധതി പ്രവർത്തന വിലയിരുത്തലിൽ കേരളം 31-ാം സ്ഥാനത്താണ്.

രണ്ടു വർഷത്തോളം വാട്ടർ അതോറിട്ടി അറ്റകുറ്റ പണികൾ ചെയ്‌ത വകയിൽ കരാറുകാരുടെ ബില്ലുകൾ കുടിശികയാണ്. സാമ്പത്തിക പ്രതിസന്ധിയല്ല കേന്ദ്രവിഹിതം വാങ്ങിയെടുക്കുന്നതിലെ സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് കാരണം. ഈ പണം കിട്ടാതെ പുതിയ കരാർ ജോലികൾ ഏറ്റെടുക്കില്ല .അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങുകയേ മാർഗമുള്ളൂ.

വർഗീസ് കണ്ണമ്പള്ളി (കെ.ജി.സി.എ. സംസ്ഥാന പ്രസിഡന്റ്)