നെൽകർഷകർക്ക് കണ്ണീർ മാത്രം
കോട്ടയം/വൈക്കം: കനത്തമഴയിൽ സർവതും നശിച്ച അവസ്ഥയിലാണ് തലയാഴത്തെ നെൽകർഷകർ. വിവിധ പാടശേഖരങ്ങളിലായി ഏകദേശം 100 ഹെക്ടർ സ്ഥലത്താണ് നാശമുണ്ടായത്. പഞ്ചായത്തിലെ വനം വടക്ക്, വനം തെക്ക് , കണ്ടംതുരുത്ത് കിഴക്ക് എന്നീ പടശേഖരങ്ങളിലാണ് നാശമേറെ. കൊയ്ത്ത് യന്ത്രത്തിന്റെ ലഭ്യത കുറവും കർഷകർക്ക് പ്രതിസന്ധിയായി. വനം വടക്ക് പാടശേഖരത്ത് 125 ഏക്കറിലും വനം സൗത്ത് പാടശേഖരത്ത് 100 ഏക്കറിലും കൊയ്ത്ത് ബാക്കിയുണ്ട്. വിവിധ ബാങ്കുകളിൽ നിന്നും വായ്പയെടുത്തും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് കടം വാങ്ങിയും കൃഷിയിറക്കിയ കർഷകർക്കാണ് ദുരിതമേറെ.
പാടശേഖരങ്ങൾ സന്ദർശിച്ചു
കൃഷിനാശം സംഭവിച്ച വിവിധ പാടശേഖരങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി ദാസിന്റെ നേതൃത്വത്തിൽ കൃഷി അസി. ഡയറക്ടർ ഓഫീസർ സിമ്മി സി.കെ , വൈസ് പ്രസിഡന്റ് ജെൽസി സോണി, മെമ്പർമാരായ എസ്.ദേവരാജൻ, കെ.ബിനിമോൻ , കൃഷി ഓഫീസർ രേഷ്മ ഗോപി, കൃഷി അസി. ആർ.മഹേഷ് കുമാർ, ഹരിശങ്കർ , വനം വടക്ക് പാടശേഖരസമിതി സെക്രട്ടറി കെ.എസ്. ബേബി തുടങ്ങിയവർ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. തുടർനടപടികൾക്കായി എ.ഡി.എയെ ചുമതലപ്പെടുത്തി.
കൊയ്ത്ത് പുനരാരംഭിച്ചു
കനത്തമഴയെ തുടർന്ന് നിറുത്തിവെച്ച കുമരകം, അയ്മനം മേഖലകളിലെ പാടശേഖരങ്ങളിലെ കൊയ്ത്ത് പുനരാരംഭിച്ചു. ഇവിടെ കനത്തമഴയിൽ നെൽചെടികൾ പൂർണമായും വീണുപോയ സാഹചര്യവുമുണ്ടായി. ഇത് വിളവിനെ ബാധിച്ചു. പ്രതീക്ഷിച്ച വിളവ് ലഭിച്ചില്ലെന്ന് കർഷകരും പറയുന്നു. പലർക്കും മുടക്ക്മുതൽ പോലും ലഭിക്കാത്ത സാഹചര്യമുണ്ട്.