
കോട്ടയം: ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സായുധസേനാ പതാകദിനം ആചരിച്ചു. കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള യുദ്ധസ്മാരകത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പുഷ്പചക്രം അർപ്പിച്ചു. ആദ്യ പതാക സ്വീകരിച്ച് സൈനികരുടെയും ആശ്രിതരുടെയും ക്ഷേമത്തിനായുള്ള പതാക നിധിയിലേക്ക് കളക്ടർ ആദ്യ സംഭാവന നൽകി. ജില്ലാ സൈനികക്ഷേമ ഓഫീസർ വിനോദ് മാത്യു, ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് ഷാജി പ്ലാത്തോട്ടം, ഡി.സി.ആർ.ബി. ഡിവൈ.എസ്.പി പി.ജ്യോതികുമാർ എന്നിവർ പങ്കെടുത്തു. വീരമൃത്യു വരിച്ച ധീരജവാന്മാരുടെ കുടുബങ്ങൾക്കും വിമുക്തഭടന്മാർക്കും യുദ്ധത്തിൽ പരിക്കേറ്റ സൈനികർക്കും സഹായമൊരുക്കാനാണ് പതാകനിധി രൂപീകരിച്ചത്.