kanam

കോട്ടയം: ''ബലി കുടീരങ്ങളേ'' എന്ന വിപ്ലവഗാനം അലയടിച്ച അന്തരീക്ഷത്തിൽ രാഷ്ട്രീയവൈരം മറന്ന് അവർ ഒത്തുകൂടി, പ്രിയ നേതാവിന് ശ്രദ്ധാഞ്ജലിയുമായി. സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാർഷികത്തിൽ കനലോർമ്മികൾ ഇരമ്പിയാർത്തു. കാനം വിദ്യാർത്ഥിയായിരുന്ന കോട്ടയം ബസേലിയസ് കോളേജായിരുന്നു വേദി. കാനത്തിനൊപ്പം പ്രീഡിഗ്രിക്ക് പഠിച്ച മലങ്കര ഓർത്തഡോക്സ് സഭാ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയായിരുന്നു മുഖ്യാതിഥി. മന്ത്രി വി.എൻ.വാസവൻ ഫ്രാൻസിസ് ജോർജ് എം.പി , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ , സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു എന്നിവർ ഒപ്പിട്ട കോട്ടയം പൗരാവലിയുടെ സ്മരണോപഹാരമായ കാനത്തിന്റെ ഛായാചിത്രം പത്നി വനജാ രാജേന്ദ്രൻ ഏറ്റുവാങ്ങി. ആർട്ടിസ്റ്റ് സുജാതനും, ഗ്രാഫിക് ഡിസൈനർ എസ്.രാധാകൃഷ്ണനും ചേർന്നാണ് ഇത് രൂപകല്പന ചെയ്തത്. രമേശ് ചെന്നിത്തല എം.എൽ.എ, അഡ്വ.ജനറൽ കെ.ഗോപാലകൃഷ്ണകുറുപ്പ്, ആന്റോ ആന്റണി എം.പി , എം.എൽ.എമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, മാണി സി കാപ്പൻ, സി.കെ.ആശ, മുൻ എം.പി സുരേഷ് കുറുപ്പ് , കെ.സി ജോസഫ്, ലതികാ സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു. മന്ത്രി ജി.ആർ. അനിൽ, വൈക്കം വിശ്വൻ, പന്ന്യൻ രവീന്ദ്രൻ, വിനയൻ, പി.സി.തോമസ് തുടങ്ങി രാഷ്ട്രീയ, സാമൂഹിക, കലാ - സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വിപ്ലവ ഗായിക മേദിനി 'മനസ് നന്നാകട്ടെ മനമേതെങ്കിലുമാകട്ടെ 'എന്ന ഗാനം ആലപിച്ചു. ഫാ.എം.പി ജോർജിന്റെയും, സൗപർണ്ണികാ ടാൻസന്റെയും ഗാനാർച്ചനയും, ഡോ.വി.എൽ.ജയപ്രകാശിന്റെ വയലിൻ സോളോയുമുണ്ടായിരുന്നു. ഒന്നാം ചരമവാർഷികദിനമായ ഇന്ന് കാനത്തെ കുടുംബവീട്ടിലെ സ്മൃതി കുടീരത്തിൽ നടക്കുന്ന അനുസ്മരണ യോഗം സിപി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.

''കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കാനം എന്നെ സ്ഥാനാർത്ഥിയാക്കി മത്സരിപ്പിച്ചു. എ.ഐ.എസ്എഫിൽ ഒരു രൂപ അംഗമാക്കി. രാഷ്ട്രീയത്തിൽ സത്യം സംസാരിക്കുന്ന നീതിക്കും സത്യത്തിനും വേണ്ടി പോരാടുന്ന പലതും തുറന്നു സംസാരിക്കുന്ന ഒരാളാണ് കാനം.

-ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ