rubber

കോട്ടയം: മഴക്കാലത്ത് ടാപ്പിംഗ് നിലച്ച് ഉത്പാദനം കുറഞ്ഞതോടെ റബർവില 200ഉം ക‌ടന്നു കുതിച്ചുയരുമെന്ന കർഷകരുടെ പ്രതീക്ഷ ഇല്ലാതാക്കി ടയർലോബി. ഉത്പാദന ചെലവായ 200 രൂപ ലഭിക്കും വരെ വിപണി ബഹിഷ്കരിക്കാൻ റബർ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മ കർഷകരോട് ആവശ്യപ്പെട്ടിരുന്നു. ഭൂരിപക്ഷം കർഷകരും വിപണിയിൽ നിന്നു വിട്ടു നിന്നതോടെ ഷീറ്റ് വില ഉയർന്നു 199 വരെയെത്തി. എന്നാൽ,​ 200 കടക്കാതിരിക്കാൻ വിപണിയിൽ നിന്നു വിട്ടു നിന്നു ടയർലോബി സ്ഥിരം കളി കളിച്ചു. തുടർന്ന് റബർബോർഡ് വില 199ൽ നിന്ന് 196ലേക്ക് നിലംപൊത്തി. വ്യാപാരി വില 188ലും നിന്നു. ഷീറ്റ് വില 255ൽ എത്തിയ ശേഷം 164 ലേക്ക് നിലം പൊത്തിയതോടെയായിരുന്നു ഷീറ്റ് വിൽക്കാതെ പിടിച്ചുവെക്കാൻ സംഘങ്ങൾ ആഹ്വാനം ചെയ്തത്. ഒരു മാസത്തിനുള്ളിൽ 18 രൂപയാണ് കൂടിയത്.

കൈമലർത്തി റബർബോ‍ർഡ്

വ്യാപാരികൾ ബോർഡ് വിലയിലും എട്ടു രൂപ കുറച്ച് ചരക്ക് എടുക്കുന്നതിനാൽ വില വർദ്ധനവിന്റെ നേട്ടം ചെറുകിട കർഷകർക്ക് ലഭിക്കില്ല. ചെറുകിട കർഷകർ മേൽത്തരം ഷീറ്റ് തയ്യാറാകാത്തതാണ് വില വ്യത്യാസത്തിനു കാരണമെന്നു ന്യായീകരിച്ചു കൈ മലർത്തുകയാണ് റബർ ബോർഡ്. കാലാവസ്ഥാ വ്യതിയാനം കാരണം ഉത്പാദനം കുറഞ്ഞതോടെ അന്താരാഷ്ട്ര വില കയറിയതാണ് ആഭ്യന്തര വില വർദ്ധനവിനും കാരണം . ബാങ്കോക്ക് 209ലും കോലാലമ്പൂർ വില ആർ.എസ്.എസ് ഫോറിന് 214 രൂപയുമാണ് .

റബർ വില ഇനിയും വർദ്ധിക്കാൻ കോമ്പൗണ്ട്റബ്ബറിന്റെ ഇറക്കുമതിനികുതി 70 ശതമാനമാക്കണം . കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകർക്ക്പ്രത്യേക ആശ്വാസ പാക്കേജ് അനുവദിക്കണം .റബ്ബർ മൂല്യവർദ്ധിത ഉത്പന്നമാക്കാൻ കേന്ദ്രസർക്കാർ സഹായം നൽകണം.

ഫ്രാൻസിസ് ജോർജ് എം.പി

കര കയറി കുരുമുളക്

കുരുമുളക് വില ഇടിഞ്ഞെങ്കിലും പിന്നീട് കര കയറി. എട്ടുരൂപയാണ് കിലോയ്ക്ക് കൂടിയത്. തണുപ്പുകാലമായതോടെ ഉത്തരേന്ത്യയിൽ ഡിമാൻഡ് കൂടി. അന്താരാഷ്ട്ര വിലയും ഉയർന്നു. ഇന്ത്യയുടെ കയറ്റുമതി നിരക്ക് 7900 ഡോളർ. ശ്രീലങ്ക 6800, വിയറ്റ്നാം 7050, ഇന്തോനേഷ്യ 7300, ബ്രസീൽ 6900 ഡോളർ. ഇറക്കുമതി കുരുമുളക് സംസ്കരിച്ചു കയറ്റുമതി ചെയ്യുന്നതിന് നികുതി ഇളവോടെ ആറുമാസം സാവകാശം കേന്ദ്രസർക്കാർ നൽകുന്നുണ്ട്. ഇതിന്റെ മറവിൽ മൂല്യവർദ്ധിത ഉത്പന്നമായി കയറ്റുമതി ചെയ്യാതെ പ്രാദേശിക വിപണിയിൽ വില കുറച്ചു വിൽക്കുകയാണെന്ന പരാതി വ്യാപകമാണ്.