കോട്ടയം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മീഡിയേഷൻ സെന്ററുകൾ പൂർത്തിയായതോടെ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനുകൾക്ക് മുന്നിലുള്ള പരാതികളിൽ വേഗത്തിൽ പരിഹാരം ഉണ്ടാക്കാനാകുമെന്ന് മന്ത്രി അഡ്വ.ജി.ആർ അനിൽ പറഞ്ഞു. വടവാതൂരിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാരകേന്ദ്രത്തിൽ നിർമാണം പൂർത്തിയാക്കിയ മീഡിയേഷൻ സെന്റർ ഉദ്ഘാടനവും ലീഗൽ സർവീസ് അതോറിട്ടിയുമായി സഹകരിച്ചു നടത്തുന്ന ഗ്രാഹക് മധ്യസ്ഥ സമാധാൻലോക് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അംഗം കെ.ആർ രാധാകൃഷ്ണൻ ഉപഭോക്തൃസന്ദേശം നൽകി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ജി. പ്രവീൺ കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ് മനുലാൽ, ആർ. ബിന്ദു, കെ.എം. ആന്റോ, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, അഭിഭാഷകരായ ഡൊമിനിക് മുണ്ടമറ്റം, വി.ബി. ബിനു, ജിതേഷ് ജെ.ബാബു, എസ്.എം സേതുരാജ്, പി.ഐ മാണി എന്നിവർ പങ്കെടുത്തു.