പാലാ: അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളിനോടനുബന്ധിച്ചുള്ള പട്ടണപ്രദക്ഷിണം ഭക്തിനിർഭരമായി. മുത്തുക്കുടകളുടെയും മേളപ്രപഞ്ചത്തിന്റെയും അകമ്പടിയോടെയായിരുന്നു പട്ടണപ്രദക്ഷിണം. കുരിശുപള്ളിയിൽ നിന്ന് ളാലം പഴയപള്ളി ഗ്രോട്ടോയിലും അവിടെ നിന്ന് മാർക്കറ്റ് ജംഗ്ഷനിലും പിന്നീട് സിവിൽ സ്റ്റേഷൻ പന്തലിലും അവിടെനിന്ന് ടി.ബി. റോഡിലുള്ള പന്തലിലും ന്യൂബസാർ റോഡിലുള്ള പന്തലിലും പ്രദക്ഷിണം എത്തി. കട്ടക്കയം റോഡിലുള്ള പന്തൽ ചുറ്റി ളാലം പഴയപാലം ജംഗ്ഷനിൽ പ്രദക്ഷിണം എത്തിയപ്പോഴേക്കും അത് പുരുഷാരമായി മാറി. തുടർന്ന് പ്രധാന വീഥിയിലൂടെ അമലോത്ഭവ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം തിരികെവന്നു. തുടർന്ന് വിശുദ്ധ കുർബാനയുടെ ആശീർവാദവും സമ്മാനദാനവുമുണ്ടായിരുന്നു. ഫാ.ജോസഫ് ആലഞ്ചേരിലും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടും ഫാ.തോമസ് മണ്ണൂരും വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി.