കോട്ടയം : കെ.എസ്.യു പ്രവർത്തകനെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതായി പരാതി. സി.എം.എസ് കോളേജിലെ രണ്ടാം വർഷ ഇക്കണോമിക്‌സ് ബിരുദ വിദ്യാർത്ഥി ഇസ്ഹാക്ക് (20) നാണ് പരിക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സതേടി. വെള്ളിയാഴ്ച അർദ്ധ രാത്രിയോടെ ചുങ്കം വാരിശ്ശേരി ഭാഗത്തായിരുന്നു സംഭവം. സുഹൃത്തിനൊപ്പം പോകുമ്പോൾ യാതൊരു പ്രകോപനവും ഇല്ലാതെ പത്തോളം പേർ ചേർന്ന് ആക്രമിച്ചെന്ന് പരാതിയിൽ പറയുന്നു. കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ, മുൻ എസ്.എഫ്.ഐ യൂണിറ്റ് ജനറൽ സെക്രട്ടറി, ഏരിയകമ്മിറ്റി അംഗങ്ങൾ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്നും ഇസ്‌ഹാക്ക് പറഞ്ഞു. വെസ്റ്റ് പൊലീസിൽ പരാതി നൽകി.