
കോട്ടയം : കനത്ത മഴയിൽ കൊയ്ത്ത് പൂർത്തിയാകാത്താനാവാത്ത പ്രതിസന്ധിയ്ക്കൊപ്പം മടവീഴ്ചയിൽ അടുത്ത കൃഷിയ്ക്ക് വിത്ത് വിതച്ചത് വെള്ളത്തിലായതും കർഷകർക്ക് ഇരട്ടപ്രഹരമായി. കുമരകം, അയ്മനം എന്നിവിടങ്ങളിലെ പാടശേഖരങ്ങളിലെ കൊയ്ത്ത് പുന:രാരംഭിച്ചു. എന്നാൽ കൊയ്യാൻ അധികം സമയമെടുക്കുകയാണ്. കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര മേഖലയിൽ 350 ഹെക്ടറിലും തലയാഴത്ത് 100 ഹെക്ടർ സ്ഥലത്തെ കൃഷിയുമാണ് നശിച്ചത്. നഷ്ടപരിഹാരത്തിന് അപേക്ഷയ്ക്കൊപ്പം ഫോട്ടോ കൂടി കൃഷി വകുപ്പിന്റെ പോർട്ടലിൽ അപ് ലോഡ് ചെയ്യണം. ഹെക്ടറിന് 13500 രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക. കൃഷി വകുപ്പ് അസി.എക്സിക്യുട്ടീവ് എൻജിനിയറുടെ നേതൃത്വത്തിൽ പരിശോധനയും കണക്കെടുപ്പും പൂർത്തിയാകാൻ മാസങ്ങളെടുക്കും. വരൾച്ചയും , വെള്ളപ്പൊക്കവും മൂലമുണ്ടായ നാശത്തിന്റെ നഷ്ടപരിഹാരം അടുത്ത കൃഷി കഴിഞ്ഞിട്ടും കിട്ടിയില്ലെന്നാണ് കർഷകരുടെ പരാതി.
യന്ത്രം താഴുന്നത് വെല്ലുവിളി
പാടശേഖരങ്ങളിൽ വെള്ളമുള്ളതിനാൽ കൊയ്ത്ത് യന്ത്രം പാടത്ത് താഴുന്ന സ്ഥിതിയാണ്. ഒരേക്കർ കൊയ്തെടുക്കാൻ വേണ്ടി വരുന്നത് മൂന്നും നാലും മണിക്കൂറുകളാണ്. നെല്ലിന്റെ അളവും കുറവാണ്. നല്ല വിളവ് പ്രതീക്ഷിച്ചിരുന്നിടത്ത് നെൽച്ചെടികൾ ചാഞ്ഞു നെൽമണികൾ വെള്ളത്തിൽ വീണത് തിരിച്ചടിയായി. പലർക്കും മുടക്കുമുതൽ പോലും ലഭിക്കാത്ത സാഹചര്യമാണ്. പലരും വായ്പയെടുത്തും കടം മേടിച്ചുമാണ് കൃഷിയിറക്കിയത്. കൊയ്തു യന്ത്രം കിട്ടാതെ വന്നതോടെ കൊയ്തു നീണ്ടു ഇതിനിടയിലായിരുന്നു തോരാമഴയിൽ നെല്ല് ചുവട് ചാഞ്ഞുള്ള നഷ്ടം. തുടക്കത്തിൽ 2000 രൂപയായിരുന്ന കൊയ്ത്ത് യന്ത്ര വാടക 2750 വരെയാക്കി. ആവശ്യത്തിന് യന്ത്രം ലഭ്യമാക്കാതെ ഏജന്റുന്മാർ വില പേശുകയാണ്.
ഇനിയും പ്രതിസന്ധികളേറെ
വിത കഴിഞ്ഞ പാടങ്ങളിൽ വെള്ളം കയറിയത് വറ്റിക്കണം
വൈദ്യുതി തകരാർ പരിഹരിച്ച് പമ്പിംഗ് നടക്കണം
വീണ്ടും വിതക്കാൻ ആവശ്യത്തിന് വിത്ത് വേണം
വീണ്ടും മട വീഴാതിരിക്കാൻ ബണ്ട് ബലപ്പെടുത്തണം
''മഴക്കെടുതിയിൽ കൊയ്ത്ത് നീണ്ടു വിള നശിച്ചതും ഞാറ് നട്ടത് വെള്ളത്തിലായതും കാരണം രണ്ടു കൃഷി നടത്തിയവർക്കും വൻനഷ്ടമാണ് ഉണ്ടായത്. പ്രതീക്ഷിച്ച വിളവും ഇത്തവണയില്ല. സർക്കാർ അടിയന്തര സഹായം ലഭ്യമാക്കണം.
-എം.കെ.പൊന്നപ്പൻ ( നെൽകർഷകൻ കുമരകം)