
കോട്ടയം : കാലപ്പഴക്കംകൊണ്ട് ജീർണിച്ച കുറെ കെട്ടിടങ്ങൾ. പലതും മേൽക്കൂര തകർന്ന് നനഞ്ഞൊലിക്കുന്ന അവസ്ഥയിൽ. പരിസരമാകെ കാട് വളർന്ന് ഇഴജന്തുക്കളുടേയും തെരുവ് നായ്ക്കളുടേയും വിഹാരകേന്ദ്രം. ഭാർഗവീനിലയത്തിന് സമാനമാണ് കുറിച്ചി കാലായിൽപ്പടിയിൽ സ്ഥിതി ചെയ്യുന്ന പൊലീസ് ക്വാർട്ടേഴ്‌സ്.
യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതാണ് തകർച്ചയ്ക്കിടയാക്കിയത്. മൂന്ന് കെട്ടിടങ്ങളിലായി 9 കുടുംബങ്ങളാണ് താമസിക്കുന്നത്. 16 ഓളം കുടുംബങ്ങൾക്ക് താമസിക്കാവുന്ന കെട്ടിടത്തിൽ പലതും ഉപയോഗശൂന്യമാണ്. ചിങ്ങവനം, ചങ്ങനാശേരി, മണകാട് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ ആശ്രയമാണ് ക്വാർട്ടേഴ്സ്. എസ്.ഐയ്ക്ക് താമസിക്കുന്നതിന് പ്രത്യേക സൗകര്യമുണ്ട്.
ചെളി നിറഞ്ഞ വെള്ളം എങ്ങനെ കുടിക്കും
കുഴൽക്കിണറിലെ വെള്ളം ചെളിനിറഞ്ഞതും ഇരുമ്പ് നിറഞ്ഞതുമാണ്. പാചകത്തിനും കുടിയ്ക്കാനും വെള്ളം വിലയ്ക്ക് വാങ്ങണം. 500 ലിറ്റർ വെള്ളത്തിന് 200 രൂപയാണ് നൽകേണ്ടത്. ചുവരുകൾ വിണ്ടു കീറിയും, വൃക്ഷങ്ങൾ ഭിത്തികളിൽ വളർന്ന നിലയിലുമാണ്. ജനൽച്ചില്ലുകൾ പൊട്ടിത്തകർന്നു. അടിസ്ഥാന സൗകര്യങ്ങളും പരിമിതമാണ്. വാഷ് ബേസിൽ നിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം തകരാറിലായതോടെ വെള്ളം കെട്ടിക്കിടക്കുകയാണ്. മുൻപ് ഡ്രെയിനേജ് പൊട്ടി മലിനജലം പരന്നൊഴുകുകയായിരുന്നു.
മേൽനോട്ടം ചിങ്ങവനം സി.ഐയ്ക്ക്
ചിങ്ങവനം സി.ഐയ്ക്കാണ് മേൽനോട്ട ചുമതല. കെട്ടിടത്തിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാണിച്ച് മുൻപ് പരാതി നൽകിയതിനെ തുടർന്ന് പരിശോധന നടത്തിയിരുന്നു. അടിയന്തരമായി ക്വാർട്ടേഴ്‌സ് നന്നാക്കണമെന്ന ആവശ്യത്തോട് അധികൃതർ മുഖംതിരിഞ്ഞ് നിൽക്കുകയാണ്.
നിലവിൽ താമസിക്കുന്നത് : 9 കുടുംബങ്ങൾ
''മഴ കനത്താൽ ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്. ഏതുനിമിഷവും കെട്ടിടം നിലംപൊത്താം. യാതൊരു സുരക്ഷയും ഇവിടെയില്ല.
-ക്വാർട്ടേഴ്സിലെ താമസക്കാർ