
കോട്ടയം : കരുതലും കൈത്താങ്ങും കോട്ടയം താലൂക്ക് അദാലത്തിൽ 95 പരാതികൾക്ക് പരിഹാരം. മറ്റ് അപേക്ഷകളിൽ തുടർനടപടി നിർദ്ദേശിച്ച് വകുപ്പുകൾക്ക് കൈമാറി. മുൻപ് ലഭിച്ച 202 അപേക്ഷകളിൽ അദാലത്തിന്റെ പരിഗണനാ വിഷയത്തിൽ ഉൾപ്പെട്ടത് 148 പരാതികളാണ്. അദാലത്ത് ദിവസം കൗണ്ടറിലൂടെ 124 പരാതികൾ ലഭിച്ചു. മറ്റ് അപേക്ഷകളും ഇന്നലെ ലഭിച്ച അപേക്ഷകളും 15 ദിവസത്തിനുള്ളിൽ തീർപ്പാക്കി രേഖാമൂലം വിവരം അറിയിക്കാൻ ബന്ധപ്പെട്ട വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. സർവേ, കെട്ടിടത്തിന് നമ്പരിടൽ, പോക്കുവരവ് ചെയ്യൽ, അപകടകരമായ മരം മുറിച്ചുമാറ്റൽ, പെൻഷൻ അനുവദിക്കൽ തുടങ്ങി വിവിധ വിഷയങ്ങളിലായിരുന്നു കൂടുതൽ അപേക്ഷകൾ. മന്ത്രിമാരായ വി.എൻ.വാസവൻ, റോഷി അഗസ്റ്റിൻ എന്നിവർ പരാതികൾ കേട്ടു. സാങ്കേതികതയിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് താഴെത്തട്ടിലെത്തി പ്രായോഗിക പരിഹാരം കണ്ടെത്താനാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വാസവൻ പറഞ്ഞു.