ൻകുന്നം : ഇവിടെ അല്പം ശ്രദ്ധയുണ്ടായാൽ നന്ന്. ഏത് നിമിഷവും അപകടം തുറിച്ച് നോക്കുകയാണ്. ഭാഗ്യത്തിനാണ് പലർക്കും ജീവൻ തിരിച്ചുകിട്ടുന്നത്. മൂന്ന് റോഡുകൾ സംഗമിക്കുന്ന പാലാ - പൊൻകുന്നം ഹൈവേയിലേക്ക് വന്നുചേരുന്ന രണ്ടാംമൈൽ ജംഗ്ഷൻ യാത്രക്കാരുടെ പേടിസ്വപ്നമാകുകയാണ്.

എന്നിട്ടും യാതൊരു സുരക്ഷാക്രമീകരണവും ഒരുക്കാൻ അധികൃതർ തയ്യാറാകുന്നില്ല. വളവോടുകൂടിയ കവലയിൽ ഇരുവശത്തേക്കുമുള്ള ബസ് സ്റ്റോപ്പുകൾ. തൊട്ടടുത്ത് കൊടുങ്ങൂർ റോഡ്, മുത്താരമ്മൻകോവിൽവെളിയന്നൂർ റോഡ്, പനമറ്റം അക്കരക്കുന്ന് റോഡ് എന്നിവയുടെ തുടക്കം. ഈ റോഡുകളിൽ നിന്ന് വരുന്ന വാഹനങ്ങൾ ഹൈവേയിലേക്ക് പ്രവേശിക്കുമ്പോൾ കരുതൽ വേണം.

ട്രാഫിക് മിററാണ് പരിഹാരം

വളവായതിനാൽ പാലാ - പൊൻകുന്നം റോഡിൽ അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ ഉപറോഡുകളിൽ നിന്നുവരുന്ന വാഹനങ്ങൾക്ക് ഭീഷണിയാണ്. മൂന്ന് ഉപറോഡുകളും സംഗമിക്കുന്നിടത്ത് ട്രാഫിക് മിറർ സ്ഥാപിച്ചാൽ ഹൈവേയിലൂടെ വരുന്ന വാഹനങ്ങൾ കാണാനും സുരക്ഷിതമായി പ്രവേശിക്കാനുമാവും. റിഫ്ളക്ടറുളോടുകൂടിയ റംബിൾ സ്ട്രിപ്പ് കവലയുടെ ഇരുവശത്തും സ്ഥാപിച്ചാൽ അമിതവേഗം കുറയ്ക്കാനാകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.