finance

കോട്ടയം : പതിനാറാം ധനകാര്യകമ്മിഷൻ ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയയും സംഘവും തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു. കമ്മിഷനംഗങ്ങളായ ഡോ. മനോജ് പാണ്ഡ, ആനി ജോർജ് മാത്യു, ഡോ. സൗമ്യകാന്തി ഘോഷ്, സെക്രട്ടറി റിഥിക് പാണ്ഡേ, ജോയിന്റ് സെക്രട്ടറി രാഹുൽ ജെയിൻ, ഡെപ്യൂട്ടി സെക്രട്ടറി അജിത് കുമാർ രഞ്ചൻ, ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറി കുമാർ വിവേക്, ഡെപ്യൂട്ടി ഡയറക്ടർ സന്ദീപ് കുമാർ, ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി ഓംപാൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 233 സേവനങ്ങൾ തദ്ദേശസ്ഥാപനങ്ങൾ വഴി ജനങ്ങൾക്ക് ലഭിക്കുന്നതായും സുലേഖ, സേവന അടക്കമുള്ള പോർട്ടലുകളിലൂടെ ഓഫീസിലെത്താതെ തന്നെ സേവനങ്ങൾക്കുള്ള അപേക്ഷ ഓൺലൈനായി നൽകുന്നതായും സംഘം വിലയിരുത്തി. ഫ്രണ്ട് ഓഫീസ് - ടോക്കൺ സംവിധാനം, ഹെൽപ്പ് ഡെസ്‌ക് എന്നിവയുടെ പ്രവർത്തനം നോക്കിക്കണ്ടു. പഞ്ചായത്തിന്റെ ലാബോറട്ടറി, മാലിന്യശേഖരണ യൂണിറ്റ് (എം.സി.എഫ്) ,​ കേരഗ്രാമം പദ്ധതിയുടെ ഭാഗമായി തെങ്ങിൻ തൈകൾ പാകി മുളപ്പിക്കുന്ന നഴ്സറി എന്നിവയും സന്ദർശിച്ചു.