pashuuu

മുണ്ടക്കയം : മുണ്ടക്കയം 35-ാം മൈൽ ടി.ആർ ആൻഡ് ടി, പാലൂർക്കാവ് തെക്കേമല റോഡുകളിലൂടെ രാത്രിയിൽ സഞ്ചരിക്കുന്നവർ ഒരപകടം മുന്നിൽക്കണ്ടാണ് യാത്ര. കഷ്ടിച്ചാണ് പലരും രക്ഷപ്പെടുന്നത്. പരിക്കേറ്റവർ പലരുമുണ്ട്. രാത്രിയിൽ റോ‌ഡിന് നടുവിൽ നിലയുറപ്പിക്കുന്ന കന്നുകാലിക്കൂട്ടം കാലനാകരുതേ പ്രാർത്ഥനയിലാണ് എല്ലാവരും. പലവട്ടം ഇരുചക്രവാഹനങ്ങൾ കന്നുകാലികൂട്ടത്തെ ഇടിച്ചുമറിഞ്ഞു. പെരുവന്താനം പഞ്ചായത്തിൽ ഉൾപ്പെടെ പരാതി നൽകിയെങ്കിലും അവരും കൈമലർത്തുകയാണ്. മേഖലയിൽ അലഞ്ഞുതിരിയുന്ന കന്നുകാലിക്കൂട്ടം പകൽസമയം മുഴുവൻ തോട്ടങ്ങളിലാണ്. സന്ധ്യമയങ്ങുന്നതോടെ ഇവ റോഡിലേക്ക് ഇറങ്ങും. തോട്ടം മേഖലയായതിനാൽ പ്രദേശമാകെ വിജനമാണ്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് പോകുന്ന ആംബുലൻസിന് ഉൾപ്പെടെ ഇവ മാർഗ തടസം സൃഷ്ടിക്കുന്നുണ്ട്. ഹോണടിച്ചാലും റോഡിൽനിന്നു മാറില്ല. നാട്ടുകാരും രോഗികൾക്കൊപ്പമുള്ളവർ ചേർന്ന് ഏറെ പണിപ്പെട്ടാണ് കന്നുകാലികളെ മാറ്റുന്നത്.

വഴിവിളക്കുമില്ല, എങ്ങനെ കാണും

റോഡിൽ വഴിവിളക്കുപോലുമില്ലാത്തതിനാൽ കന്നുകാലിക്കൂട്ടത്തെ വാഹനയാത്രക്കാർക്ക് കാണാൻ കഴിയില്ല. അപകടസാദ്ധ്യത വർദ്ധിപ്പിക്കുകയാണ്. മഴക്കാലമായാൽ മേഖലയിൽ മൂടൽമഞ്ഞ് പടരും. യാത്രക്കാർക്ക് ഇതും വെല്ലുവിളിയാണ്. ദേശീയപാതയിലും രാത്രിയിൽ കന്നുകാലിക്കൂട്ടം അലഞ്ഞുതിരിയുന്നുണ്ട്. ടി.ടി.ആർ ആൻഡ് പാതയിൽ നിൽക്കുന്ന കന്നുകാലി കൂട്ടമാണ് ഇവിടേക്ക് എത്തുന്നത്. പ്രദേശത്ത് അലഞ്ഞുതിരിയുന്ന കന്നുകാലിക്കൂട്ടത്തിന്റെ ഉടമകൾ ആരെന്നും വ്യക്തമല്ല. കറവയുള്ള പശുക്കളെ മാത്രം ഉടമസ്ഥർ പിടിച്ചുകൊണ്ടു പോകും. ഈ സാഹചര്യത്തിൽ പഞ്ചായത്തിന് വിഷയത്തിൽ നടപടിയെടുക്കാനും സാധിക്കുന്നില്ല.

എസ്റ്റേറ്റിൽ മുള്ളുവേലി ഉയർന്നു, റോഡാണ് സേഫ്

എസ്റ്റേറ്റിലെ റബർമരങ്ങൾ മുറിച്ചുമാറ്റി കൈതത്തോട്ടമായി

സംരക്ഷണത്തിനായി പലഭാഗത്തും മുള്ളുവേലി നിർമ്മിച്ചു

ഇതോടെയാണ് കാലികൾ കൂട്ടമായി റോഡിലേക്കിറങ്ങുന്നത്

ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് അപകടത്തിൽപ്പെടുന്നു

മേഖലയിൽ കന്നുകാലികളെ മോഷ്ടിക്കുന്നതും പതിവ് സംഭവം

''നേരത്തെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആടുമാടുകളെ പിടിച്ചുകെട്ടാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗകര്യം ഒരുക്കിയിരുന്നു. ഇത് വീണ്ടും ആരംഭിച്ചാൽ അപടഭീഷണി ഒഴിവാക്കാനാകും.

-സുരേഷ്, മുണ്ടക്കയം

40 ലേറെ കന്നുകാലികൾ