nhru

കോട്ടയം : ഒറ്റ നോട്ടത്തിൽ ഉഴുതുമറിച്ച പാടശേഖരമോ , ഓഫ് റോഡോയാണെന്ന് സംശയിച്ചാൽ കുറ്റം പറയാനാകില്ല. ഒളിമ്പ്യൻ രഞ്ജിത്ത് മഹേശ്വരിയടക്കം പല കായികതാരങ്ങൾക്കും ജന്മം നൽകിയ നാഗമ്പടം നെഹ്റു സ്‌റ്റേഡിയത്തിലെ കാഴ്ച ഏതൊരു കായികപ്രേമിയുടെയും കണ്ണ് നനയിക്കും. മൈതാനത്തിന്റെ പച്ചപ്പിൽ കാൽപ്പന്ത് പരിശീലനത്തിന് എത്തുന്ന കുരുന്നുകളടക്കം നിരാശയോടെയാണ് മടങ്ങുന്നത്. നഗരത്തിലെയും സമീപ സ്‌കൂളുകളിലെയും നിരവധി വിദ്യാർത്ഥികളാണ് പരിശീലനത്തിനായി ഇവിടെ എത്തുന്നത്. സ്‌റ്റേഡിയം അവഗണനയുടെ ട്രാക്കിലൂടെ ഓടാൻ തുടങ്ങിയിട്ട് നാളേറെയായി. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന അധികൃതരുടെ വാഗ്ദാനം കേട്ട് കായികതാരങ്ങൾ മടുത്തു. നഗരസഭയ്ക്കാണ് സ്റ്റേഡിയത്തിന്റെ മേൽനോട്ട ചുമതല. നേരത്തെ കാടും, പുല്ലും നിറഞ്ഞ് കിടക്കുകയായിരുന്നു. ഒപ്പം മാലിന്യക്കൂമ്പാരവും. സംരക്ഷണ ഭിത്തി തകർന്നിട്ട് വർഷങ്ങളായി. കോൺക്രീറ്റ് കമ്പികൾ പുറത്തേയ്ക്ക് തള്ളി നിൽക്കുകയാണ്. സോളാർ ലൈറ്റുകൾ ഭൂരിഭാഗവും തകരാറിലാണ്. ചിലതിൽ തൂണ് മാത്രമേയുള്ളൂ.

സ്വകാര്യ പരിപാടിയ്ക്ക് നൽകി, കുളമാക്കി
ദിവസങ്ങൾക്ക് മുൻപ് സ്റ്റേഡിയത്തിൽ നടന്ന സ്വകാര്യ പരിപാടിയുടെ ഭാഗമായി ഇവിടം വൃത്തിയാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളംകെട്ടിക്കിടന്നിരുന്നു. നിരവധി വാഹനങ്ങളാണ് സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിച്ചത്. ഇതോടെ ചെളിയും നിറഞ്ഞു. പുലർച്ചെയും സായാഹ്നങ്ങളിലും നിരവധിപ്പേരാണ് പ്രഭാതസവാരിയ്ക്കായി എത്തിയിരുന്നത്. ഇവർ പലരും നടത്തം ഉപേക്ഷിച്ചു.

പ്രശ്‌നങ്ങൾ നിരവധി, പരിഹാരം അകലെ

വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ല

ഗാലറിയുടെ കോൺക്രീറ്റ് കമ്പികൾ ഇളകി

സ്റ്റേഡിയത്തിന്റെ അടിയിലെ കടകളും ചോരുന്നു

ഇരിപ്പിടങ്ങൾ ഭൂരിഭാഗവും തുരുമ്പെടുത്തു

പവലിയിനിലുള്ള ടിൻ ഷീറ്റുകൾ ഇളകി

കയറാൻ സാധിക്കാത്ത രീതിയിൽ നെറ്റ്‌സ് കാട്മൂടി

''നഗരത്തിന്റെ പ്രവേശന കവാടത്തിൽ നശോന്മുഖമായി കിടക്കുന്ന സ്‌റ്റേഡിയം സ്ഥിതി ചെയ്യുന്നത് അക്ഷരനഗരിയ്ക്ക് നാണക്കേടാണ്. നവീകരണ പദ്ധതികൾ നഗരസഭയുടെ ഫയലിൽ ഉറങ്ങുകയാണ്. സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലാക്കുമെന്ന നഗരസഭയുടെ വാഗ്ദാനം പൊള്ളയാണ്.

സുരേഷ്, പ്രഭാതനടത്തക്കാരൻ