കോട്ടയം : വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറയുന്നതാവും ശരി. നഗരത്തിലെ ഇടറോഡുകളിലൊന്നായ ചെല്ലിയൊഴുക്കം എസ്.എൻ.വി സദനം റോഡിന്റെ കാര്യത്തിൽ സംഭവിച്ചതും അതാണ്. തകർന്ന് തരിപ്പണമായ റോഡ് നന്നാക്കാൻ മെറ്റിലിറക്കി. നിർമ്മാണം വൈകിയതോടെ കൂട്ടിയിട്ട മെറ്റിൽ റോഡിൽ നിരന്നു. നിർമ്മാണ ജോലികളുടെ ഭാഗമായി എത്തിച്ച വീപ്പയും യാത്രക്കാർക്കും സമീപത്തുള്ളവർക്കും പാരയായി. ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപ്പെടുകയാണ്. ചെറുതും വലുതുമായ നിരവധി കുഴികളാണുള്ളത്.

വാട്ടർ അതോറ്റി കുത്തിപ്പൊളിച്ചതോടെയാണ് തകർച്ചയുടെ തുടക്കം. കെ.കെ.റോഡിലൂടേയും ശാസ്ത്രി റോഡിലൂടെയുമെത്തുന്ന ചെറുവാഹനങ്ങൾ നഗരത്തിലെ കുരുക്കിൽപ്പെടാതെ ഗുഡ്‌ഷെപ്പേഡ്‌റോഡ്, നാഗമ്പടം എന്നിവിടങ്ങളിലേക്ക് പോകാൻ ആശ്രയിച്ചിരുന്നത് ഇതുവഴിയായിരുന്നു.

മഴ പെയ്താൽ വെള്ളക്കെട്ടും

കുഴിയെ ഭയന്ന് ഇരുചക്ര വാഹനയാത്രക്കാർ ഓടയ്ക്ക് മുകളിലുള്ള സ്ലാബിലൂടെയാണ് കടന്നുപോകുന്നത്. ചെറിയ മഴയിൽപോലും കനത്ത വെള്ളക്കെട്ടാണ്. ഓട നിറഞ്ഞ് മലിനജലം ഉൾപ്പെടെ റോഡിൽ നിറയും. മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും ഇവിടെ സാധിക്കില്ല. കാൽനടയാത്രികരുടെ സ്ഥിതിയാണ് ഏറെ പരിതാപകരം. വെയിലായാൽ പൊടിയും മഴയായാൽ വെള്ളക്കെട്ടും റോഡിന്റെ തീരാശാപമാണ്. റോഡിൽ ഓടയുണ്ടെങ്കിലും വെള്ളമൊഴുക്ക് സുഗമമല്ലാത്തത് വെള്ളക്കെട്ടിന് ഇടയാക്കുന്നു.

''വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി പൊളിച്ച റോഡ് താത്കാലികമായി കുഴി അടച്ചതല്ലാതെ റോഡ് നന്നാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചില്ല. നിരവധി പരാതികൾ ഉന്നയിച്ചിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല.

പ്രദേശവാസികൾ