വൈക്കം: വൈക്കം പഴയ പൊലീസ് സ്റ്റേഷനിലെ ആ തടവറ ഇപ്പോഴുമുണ്ട്. ആ ഇരുമ്പഴികൾക്കുള്ളിൽ നിന്നാണ് തന്നെ ജയിലിലടച്ചവരുടെ മുഖത്ത് നോക്കി ഉറച്ച ശബ്ദത്തിൽ തോൽക്കാൻ മനസില്ലെന്ന് തന്തൈ പെരിയാർ ഈറോഡ് വെങ്കിടപ്പ രാമസ്വാമി വിളിച്ചു പറഞ്ഞത്.
വൈക്കം സത്യഗ്രഹത്തിന് ശക്തി പകരാൻ തമിഴ്നാട്ടിൽ നിന്നെത്തിയ പെരിയാർ ഇ.വി.രാമസ്വാമിയെ അറസ്റ്റ് ചെയ്ത് വൈക്കം പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലിടുകയായിരുന്നു. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി വർഷത്തിൽ നവീകരിച്ച തന്തൈ പെരിയാർ സ്മാരകം നാടിന് സമർപ്പിക്കുമ്പോൾ പെരിയാർ സ്മരണകളിൽ ജ്വലിക്കുകയാണ് സത്യഗ്രഹ ഭൂമി.
വൈക്കം സത്യഗ്രഹം
വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള തെരുവുകൾ താഴ്ന്ന ജാതി വിഭാഗങ്ങളിൽപെട്ടവർ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയതിനെതിരെ 1924 മാർച്ച് 30 നാണ് ടി കെ മാധവൻ, കെ പി കേശവ മേനോൻ, ജോർജ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹം ആരംഭിച്ചത്. ക്ഷേത്രത്തിന് സമീപത്തെ വഴിയിൽ ശ്രീനാരായണ ഗുരുവിനെ അയിത്തത്തിന്റെ പേരിൽ സവർണർ തടഞ്ഞത് ടി.കെ.മാധവനെ പ്രകോപിപ്പിച്ചതാണ് വൈക്കം സത്യഗ്രഹത്തിന് നിമിത്തമായത്. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെയും മഹാത്മാഗാന്ധിയുടെയും ആശിർവാദത്തോടെയാണ് പ്രതിഷേധം ആരംഭിച്ചത്.
സമരം തുടങ്ങി എല്ലാ മുതിർന്ന നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടതോടെ സത്യഗ്രഹ പ്രസ്ഥാനത്തിന് ജീവൻ നഷ്ടപ്പെടുമെന്നായി. മഹാത്മാഗാന്ധിയുമായും സി രാജഗോപാലാചാരിയുമായും ബന്ധപ്പെട്ട ശേഷം ജോർജ്ജ് ജോസഫ് ജയിലിൽ നിന്ന് ഇ.വി.ആറിന് സത്യഗ്രഹം തുടരുന്നതിന് പിന്തുണ അഭ്യർത്ഥിച്ച് കത്തെഴുതി. തമിഴ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷനെന്ന നിലയിൽ സംഘടനാ പ്രവർത്തനങ്ങളുടെ തിരക്കിലായിരുന്നു ഇ.വി.ആർ. കത്ത് ലഭിച്ചതോടെ ടി.പി.സി.സി പ്രസിഡന്റിന്റെ ചുമതല ഇ.വി.ആർ രാജഗോപാലാചാരിക്ക് നൽകി വൈക്കത്തേക്ക് തിരിച്ചു.
പെരിയാർ വരുന്നു
ഏപ്രിൽ 13 ന് പെരിയാർ വൈക്കത്ത് എത്തി. സമരമുഖത്ത് കത്തിപ്പടർന്ന പെരിയാർ 1925 നവംബർ 25ന് അതിന്റെ പര്യവസാനം വരെ സത്യഗ്രഹസമരത്തിന്റെ നായക നിരയിൽ നിന്നു.
ജനങ്ങളെ അണിനിരത്താൻ ഇ.വി.ആർ നാട്ടുരാജ്യങ്ങളിലുടനീളം സഞ്ചരിച്ചു. ഇതിനിടെ കോട്ടയത്ത് പ്രവേശിക്കുന്നത് അധികൃതർ വിലക്കിയെങ്കിലും ഇ.വി.ആർ നിരസിക്കുകയും മേയ് 21 ന് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ഒരു മാസത്തെ ജയിൽവാസത്തിന് ശേഷം അദ്ദേഹം വൈക്കത്ത് തിരിച്ചെത്തി സമരരംഗത്ത് തുടർന്നു. വീണ്ടും അറസ്റ്റിലാവുകയും നാല് മാസത്തെ കഠിന തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. കഠിന തടവിന് ശിക്ഷിക്കപ്പെട്ട ഏക സത്യഗ്രഹ തടവുകാരൻ. ദക്ഷിണേന്ത്യയിലുടനീളം പ്രതിഷേധം വ്യാപിക്കുന്നതിനിടെ പെരിയാർ മോചിതനായി.
സെപ്തംബർ 10ന് ഈറോഡിലേക്ക് പോയ ഇ.വി.ആറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിനാൽ വീണ്ടും വൈക്കം സത്യാഗ്രഹത്തിൽ ചേരാനായില്ല. പിന്നീട് 1925 മാർച്ച് 12ന് വർക്കലയിലെത്തി ശ്രീനാരായണ ഗുരുവുമായും മഹാത്മാഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. പെരിയാറിന്റെ ഭാര്യ നാഗമ്മാൾ, സഹോദരി കണ്ണമ്മാൾ എന്നിവരും സത്യഗ്രഹത്തിൽ പങ്കെടുത്തു.