കോട്ടയം: ഭിന്നശേഷി നിയമനത്തിന്റെ മറവിൽ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിന് മുമ്പിൽ 19ന് എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ധർണ സംഘടിപ്പിക്കും. സുപ്രീം കോടതി വിധിയുടെ മറവിൽ 2021 നവംബർ മുതൽ അദ്ധ്യാപകനിയമനത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സർക്കാർ ഇക്കഴിഞ്ഞ നവംബർ 30 ന് ഇറക്കിയ പുതിയ ഉത്തരവ് പ്രകാരം സമ്പൂർണ നിയമന നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് സിജി സെബാസ്റ്റ്യൻ, ജില്ല പ്രസിഡന്റ് അലക്സ് ടോം, സെക്രട്ടറി സോജൻ പീറ്റർ, ജയിംസ് എം.യു, മഞ്ചു ഫിലിപ്പ്, രാജേഷ് രാജൻ എന്നിവർ സംസാരിച്ചു.