കടനാട് : ഏത് നിമിഷവും കുരച്ചു ചാടി വീഴാം, കൂട്ടമായിട്ടാണെങ്കിൽ പിന്നെ രക്ഷയില്ല. ഭീതിയോടെയാണ് കുരുന്നുകൾ അക്ഷരമുറ്റത്തേക്കെത്തുന്നത്. കടനാട് സെന്റ് മാത്യൂസ് എൽ.പി സ്‌കൂൾ പരിസരം തെരുവ് നായ്ക്കൾ കീഴടക്കിയിട്ടും അധികൃതർക്ക് കുലുക്കമില്ല. മക്കളെ സ്കൂളിലേക്ക് പറഞ്ഞുവിട്ടാൽ തിരികെയെത്തുന്നത് വരെരക്ഷിതാക്കൾക്കും നെഞ്ചിൽ ആധിയാണ്. തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും, പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനും ജില്ലാ ഭരണകൂടം വിപുലമായ പദ്ധതികൾ തയ്യാറാക്കിയിട്ടും കുട്ടികൾക്ക് പോലും രക്ഷയില്ലാത്ത അവസ്ഥ. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നിരവധി നായ്ക്കളാണ് അലഞ്ഞ് നടക്കുന്നത്. പുലർച്ചെ പള്ളിയിലേക്കും ക്ഷേത്രങ്ങളിലേക്കും പോകുന്നവർക്കും, പത്രവിതരണക്കാർക്കും നേരെ നായ്ക്കൾ പാഞ്ഞടുക്കുന്നത് പതിവാണ്.
സ്കൂളിൽ വരാൻ കുട്ടികൾക്ക് ഭീതി
കുട്ടികളെ കാണുമ്പോൾ നായ്ക്കൾ ഓടി വരുന്നത് പതിവ് കാഴ്ചയാണ്. പലരും വാവിട്ട് കരഞ്ഞാണ് ക്ലാസ് മുറികളിലേക്ക് ഓടിക്കയറുന്നത്. ഇത് പഠനത്തെ വരെ ബാധിക്കുമെന്ന ആശങ്കയിലാണ് അദ്ധ്യാപകരും രക്ഷിതാക്കളും. സ്‌കൂളിൽ വരാൻ പോലും വിദ്യാർത്ഥികൾ മടിക്കുകയാണെന്ന് അദ്ധ്യാപകർ പറയുന്നു. ഭീഷണി ഉയർത്തുന്ന നായ്ക്കളെ പിടികൂടണമെന്ന് സ്‌കൂൾ പി.ടി.എ അധികൃതരോട് ആവശ്യപ്പെട്ടു.
'നായശല്യവും, മാലിന്യ നിക്ഷേപവും നിയന്ത്രിക്കാനുള്ള നടപടികൾ ഫലം കാണുന്നില്ല. കൃത്യമായ വന്ധ്യകരണം നടക്കാത്തതും പൊതു നിരത്തിലെ ഭക്ഷണ ലഭ്യതയും നായ്ക്കളുടെ വളർച്ചയ്ക്കും കുഞ്ഞുങ്ങൾ പെരുകുന്നതിനും ഇടയാക്കുന്നു.
-രാധാകൃഷ്ണൻ, കടനാട്