വൈക്കം: കോട്ടയം: വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം ഇന്ന് രാവിലെ 10ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിർവഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിക്കും. ദ്രാവിഡ കഴകം അദ്ധ്യക്ഷൻ കെ.വീരമണി മുഖ്യാതിഥിയായിരിക്കും. മന്ത്രിമാരായ വി.എൻ. വാസവൻ, സജി ചെറിയാൻ, തമിഴ്നാട് മന്ത്രിമാരായ ദുരൈ മുരുകൻ, എ.വി. വേലു, എം.പി. സ്വാമിനാഥൻ, കെ. ഫ്രാൻസിസ് ജോർജ് എം.പി, സി.കെ. ആശ എം.എൽ.എ വൈക്കം നഗരസഭാദ്ധ്യക്ഷ പ്രീതാരാജേഷ്, നഗരസഭാംഗം രാജശേഖരൻ എന്നിവർ സന്നിഹിതരായിരിക്കും.
1985ൽ സംസ്ഥാന സർക്കാർ തമിഴ്നാട് സർക്കാരിന് വൈക്കം വലിയകവലയിൽ നൽകിയ 84 സെന്റ് സ്ഥലത്ത്, വൈക്കം സത്യഗ്രഹത്തിന്റെ നായകരിലൊരാളും ദ്രാവിഡ നേതാവുമായിരുന്ന തന്തൈ പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കർക്ക് സ്മാരകം നിർമ്മിക്കാൻ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.ജി.ആർ. തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം തമിഴ്നാട് മന്ത്രി ഡോ. നാവലർ വി.ആർ. നെടുഞ്ചെഴിയൻ തറക്കല്ലിട്ടു. 1994ൽ സ്മാരകം തുറന്നുകൊടുത്തു. കേരള സർക്കാർ സംഘടിപ്പിച്ചു വരുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ വൈക്കം കായലോര ബീച്ചിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത.സ്റ്റാലിൻ വൈക്കത്തെ പെരിയാർ സ്മാരകം നവീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 8.14 കോടി രൂപ മുടക്കി തമിഴ്നാട് സർക്കാർ സ്മാരകം നവീകരിച്ചത്. പെരിയാറിന്റെ പ്രതിമ, ഗ്രന്ഥശാല, പെരിയാർ മ്യൂസിയം, ആംഫി തീയറ്റർ, കോൺഫറൻസ് ഹാൾ, വിശ്രമമുറികൾ, കുട്ടികളുടെ കളിസ്ഥലം, ഉദ്യാനം എന്നിവയടങ്ങിയതാണ് പുതിയ സ്മാരക സമുച്ചയം.
ഹൗസ് ബോട്ടിൽ ചുറ്റി, കരിമീൻ
രുചിച്ച് സ്റ്റാലിൻ
ഇന്നലെ ഉച്ചയോടെ കുമരകം ലേക് റിസോർട്ടിലെത്തിയ സ്റ്റാലിൻ വൈകിട്ട് വേമ്പനാട്ട് കായലിലൂടെ ഹൗസ് ബോട്ടിൽ യാത്ര ചെയ്തു. കായൽക്കാറ്റേറ്റുള്ള യാത്ര മനോഹരമായിരുന്നെന്ന് സ്റ്റാലിൻ പറഞ്ഞു. ഉച്ചയ്ക്കായിരുന്നു കുമരകം കരിമീൻ രുചിച്ചുള്ള ഊണ്. ചോറും വാഴയിലയിൽ പൊള്ളിച്ച കരിമീനും ആലപ്പുഴ മീൻകറിയും സാമ്പാറുമെല്ലാം ഉൾപ്പെട്ട വിഭവ സമൃദ്ധമായ സദ്യ. തുടർന്ന് ചെറുമയക്കത്തിന് ശേഷമായിരുന്നു കനത്ത സുരക്ഷയിൽ ഹൗസ് ബോട്ട് യാത്ര.
ആദ്യ ചടങ്ങ് പെരിയാർ
സ്മാരകത്തിൽ
മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഇന്ന് രാവിലെ ആദ്യമെത്തുക വലിയ കവലയിലെ പെരിയാർ സ്മാരകത്തിലേക്കാണ്.
കുമരകം ലേക്ക് റിസോർട്ടിൽ നിന്ന് 10 ന് മുമ്പായി മുഖ്യമന്ത്രിമാർ പെരിയാർ സ്മാരകത്തിലെത്തും. തെക്കേ നട, പടിഞ്ഞാറെ ഗോപുരം വടക്കേ നട റോഡിലൂടെയാണ് മുഖ്യമന്ത്രിമാരുടെ വാഹനവ്യൂഹം വലിയ കവലയിലേക്കെത്തുക. സ്മാരകത്തിൽ പുഷ്പാർച്ചനക്ക് ശേഷം വടക്കേ നട, പടിഞ്ഞാറെ നട,ബോട്ട് ജെട്ടി വഴി ഗവ. ഗസ്റ്റ് ഹൗസ് വളപ്പിലൂടെ പ്രത്യേകം തയ്യാറാക്കിയ വഴിയിലൂടെ മുഖ്യമന്ത്രിമാരും മറ്റ് വി. ഐ.പികളും സമ്മേളന വേദിയായ ബീച്ച് മൈതാനിയിലെത്തും.
സ്റ്റാലിനെ സ്വീകരിച്ചത്
ഗുരുവിനെക്കുറിച്ചുള്ള
പുസ്തകം നൽകി
ഇന്നലെ രാവിലെ 10.45ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സ്റ്റാലിനെ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് റോഡുമാർഗം ഉച്ചയ്ക്ക് 12.50ന് കുമരകം ലേക് റിസോർട്ടിലെത്തിയ സ്റ്റാലിനെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പു മന്ത്രി എ.വി. വേലു, കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. കസവ് ഷാളും ശ്രീനാരായണഗുരു രചിച്ച കൃതികളുടെ ഇംഗ്ലീഷ് പരിഭാഷയായ എ ക്രൈ ഇൻ ദ വൈൽഡർനസ്: ദ വർക്ക്സ് ഓഫ് നാരായണ ഗുരു എന്ന പുസ്തകവും നൽകിയാണ് കളക്ടർ സ്വീകരിച്ചത്.