
കോട്ടയം: വിവിധ രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ സ്വതന്ത്റമായ നയതന്ത്റ നിലപാട് സ്വീകരിക്കാൻ ഇന്ത്യക്ക് കഴിയണമെന്ന് മുൻ നയതന്ത്റ ഉദ്യോഗസ്ഥൻ വേണു രാജാമണി നിർദേശിച്ചു. മഹാത്മാഗാന്ധി സർവകലാശാലയുടെ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സിലെ കെ.പി.എസ് മേനോൻ ചെയർ സംഘടിപ്പിച്ച കെ.പി.എസ് മേനോൻ സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു ചെയർ പ്രൊഫസർ കൂടിയായ അദ്ദേഹം.
യുദ്ധങ്ങളും തീവ്രവാദവും പകർച്ചവ്യാധികളും നിർമിത ബുദ്ധിപോലെയുള്ള പുത്തൻ സാങ്കേതിക വിദ്യകൾ തൊഴിൽ മേഖലയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളും ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ ലോകം നേരിടുകയാണ്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന മാതൃക പിന്തുടരുന്ന സമീപനമാണ് രാജ്യത്തിന്റെ ഭാവിക്ക് ഉപകരിക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.എസ്. മേനോൻ ചെയർ കോഓർഡിനേറ്റർ ഡോ. ലിറാർ പുളിക്കലകത്ത് സംസാരിച്ചു.