അമനകര: പണിതിട്ടും പണിതിട്ടും പണിതീരാത്ത ഈ വഴിയിടം ഇപ്പോൾ രാമപുരം പഞ്ചായത്തിലെ അമനകര ആനിച്ചുവട് കവലയിൽ വിശ്രമത്തിലാണ്. കംഫർട്ട് സ്റ്റേഷനും ലഘുഭക്ഷണശാലയും ഉൾപ്പെടുന്ന കുടുംബശ്രീ കഫേയ്ക്കുള്ള കെട്ടിട നിർമ്മാണം ഏറെക്കുറെ പൂർത്തിയായി. എന്നാൽ കുടിവെള്ള ലഭ്യതയില്ലാത്തത് മൂലം കഫേ തുറക്കുന്നത് വൈകുകയാണ്. 2021ലാണ് രാമപുരം പഞ്ചായത്തിലെ അമനകര വാർഡിൽ വഴിയിടം പദ്ധതിക്കായുള്ള കെട്ടിടനിർമ്മാണം ആരംഭിച്ചത്. കംഫർട്ട് സ്റ്റേഷനും കുടുംബശ്രീ കഫേയ്ക്കുള്ള കെട്ടിടവും കൃത്യമായ അകലത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ടൈലുകൾ പാകി വൃത്തിയാക്കിയ കെട്ടിടത്തിന്റെ തൊണ്ണൂറ് ശതമാനത്തോളം പണികളും പൂർത്തിയായി. ഇതുവരെ പതിനാല് ലക്ഷത്തിൽപരം രൂപാ ചെലവഴിച്ചുകഴിഞ്ഞു. കുടിവെള്ളത്തിന് സ്വന്തമായി കുഴൽകിണർ കുത്തുക എന്നുളളതായിരുന്നു ആദ്യലക്ഷ്യം. എന്നാൽ സർവ്വേ നടത്തിയപ്പോൾ ഇവിടെ കുഴൽകിണർ കുത്തിയാലും വെള്ളംകിട്ടാനുള്ള സാധ്യതയില്ലെന്ന് വ്യക്തമായി. ഇതോടെ നാട്ടിലുള്ള മറ്റൊരു കുടിവെള്ളസമതിയെ സമീപിച്ചരിക്കുകയാണ് പഞ്ചായത്ത് അധികൃതർ. കംഫർട്ട് സ്റ്റേഷന്റെ നടത്തിപ്പും കഫേയുടെ നടത്തിപ്പും കുടുംബശ്രീയെ ഏൽപ്പിക്കാനാണ് തീരുമാനം. ഇത് കുടുംബശ്രീക്ക് തൊഴിൽമാർഗം കൂടിയാകും.


ശബരിമല തീർത്ഥാടകർ ഏറ്റവും കൂടുതലായി കടന്നപോകുന്ന കൂത്താട്ടുകളം പാലാ റോഡിൽ ആനിച്ചുവട് കവലയിലുള്ള വഴിയിടം എത്രയുംവേഗം തുറക്കണം. നാലമ്പല തീർത്ഥാടകർക്കുംഏറെ പ്രയോജനം ചെയ്യും.

ബിനു കെ.എം., അമനകര


അവസാന അറ്റകുറ്റപ്പണികൾകൂടി പൂർത്തിയാക്കി ഈ സാമ്പത്തികവർഷം തന്നെ വഴിയിടം തുറക്കും. കുടുംബശ്രീയിലെ അഞ്ച് കുടുംബങ്ങൾക്കെങ്കിലും ഇതുകൊണ്ട് വരുമാനം ലഭിക്കുമെന്നും മെമ്പർ ചൂണ്ടിക്കാട്ടി.

ആൻസി ബെന്നി, പഞ്ചായത്തംഗം

ഫോട്ടോ അടിക്കുറിപ്പ്

1. കൂത്താട്ടുകുളം പാലാ റോഡിൽ അമനകര ആനിച്ചുവട് കവലയിൽ രാമപുരം പഞ്ചായത്ത് അധികൃതർ പണിതീർത്ത വഴിയിടം
2. ബിനു കെ.എം. അമനകര
3. ആൻസി ബെന്നി, പഞ്ചായത്ത് മെമ്പർ, അമനകര വാർഡ്