കുമരകം : ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം മുഹമ്മ– കുമരകം ജലപാതയിൽ എസ് 52 ബോട്ട് സർവീസ് പുനരാരംഭിച്ചു. എൻജിൻ മാറിയാണ് ബോട്ട് തിരികെ എത്തിച്ചത്. കഴിഞ്ഞ ഒരു മാസമായി ഒരു ബോട്ട് മാത്രമാണ് സർവീസ് നടത്തിയിരുന്നത്. ഇതുമൂലം യാത്രാക്ലേശം രൂക്ഷമായിരുന്നു. എൻജിൻ മാറി പുതിയ കരുത്തോടെ എത്തിയ ബോട്ട് ഇനി തുടരെ കേടാകില്ലെന്ന വിശ്വാസത്തിലാണ് ജലഗതാഗത വകുപ്പ്. റൂട്ടിലെ മറ്റൊരു ബോട്ട് പതിവായി കേടാകുന്നതാണ്. രാവിലെയും വൈകിട്ടുമാണ് യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടുന്നത്. എന്നാൽ ജലഗതാഗത വകുപ്പ് അധികൃതർ റൂട്ടിനോട് അവഗണന കാട്ടുന്നതായാണ് യാത്രക്കാരുടെ പരാതി.