പാലാ: അയ്യൻ ശരണം, ഊന്നുവടി ബലം. 72കാരനായ വിഷ്ണുദാസ് സ്വാമി കാനനവാസനെ കാണാൻ ഇത്തവണയും ''കാൽനടയായി'' പുറപ്പെട്ടു.

ഒരു കാൽ നഷ്ടപ്പെട്ട വിഷ്‌ണുദാസ് കഴിഞ്ഞ പതിനഞ്ച് വർഷമായി ഊന്നുവടിയുടെ സഹായത്തോടെയാണ് മലചവിട്ടുന്നത്. ഒ​റ്റക്കാലിലുള്ള ഈ യാത്റ ഗുരുവായൂരിൽ നിന്നാണ്. എല്ലാ വർഷവും 20 മുതൽ 25 വരെ ദിവസമെടുത്താണ് വിഷ്ണുദാസ് സ്വാമി ഗുരൂവായൂരിൽ നിന്ന് ശബരിമലയിലെത്തുന്നത്.

കൊല്ലം പാരിപ്പള്ളി സ്വദേശിയായ വിഷ്ണുദാസ് 30 വർഷമായി ഗുരുവായൂർ ക്ഷേത്റപരിസരത്താണ് താമസം. 27 വർഷം മുമ്പ് പാരിപ്പള്ളിയിലുണ്ടായ ഒരു വാഹനാപകടത്തെ തുടർന്നാണ് കാലുകളിലൊന്ന് മുറിച്ചുമാറ്റിയത്. ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് അവരവരുടെ ചിത്രങ്ങൾ വരച്ചുനൽകിയാണ് നിത്യവൃത്തിക്ക് വക കണ്ടെത്തുന്നതെന്ന് വിഷ്ണുദാസ് സ്വാമി പറയുന്നു.

പുലർച്ചെ യാത്റ തുടങ്ങും. ഉച്ചവെയിൽ ശക്തമാകുന്നതോടെ വിശ്റമിക്കും. വൈകിട്ട് വീണ്ടും യാത്റ തുടരും. പോകുന്ന വഴികളിലെ ക്ഷേത്റങ്ങളിലാണ് രാത്റി താമസം.


ഇതെന്റെ ജീവിതാഭിലാഷം

''എല്ലാം അയ്യപ്പസ്വാമിയുടെയും ഗുരുവായൂരപ്പന്റെയും അനുഗ്റഹമാണ്. കഴിയുന്നിടത്തോളം കാലം മല ചവിട്ടി മണികണ്ഠനെ കാണും. അതെന്റെ ജീവിതാഭിലാഷമാണ്''. വിഷ്ണുദാസ് സ്വാമി പറഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ്
ഊന്നുവടിയുടെ ബലത്തിൽ മലയാത്റ നടത്തുന്ന വിഷ്ണുദാസ് സ്വാമി